ചെലവ് കുറഞ്ഞു ; പാഷൻ ഫ്രൂട്ട് വില കുത്തനെയിടിഞ്ഞു

Passion fruit

കട്ടപ്പന:  പാഷൻ ഫ്രൂട്ടിന്റെ വിലയിടിഞ്ഞു. ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 50 മുതൽ 70 രൂപ വരെ ലഭിച്ചുകൊണ്ടിരുന്ന പാഷൻ ഫ്രൂട്ടിന് നിലവിൽ 30-40 രൂപമാത്രം. മഴക്കാലത്ത് പൾപ്പ് നിർമാണവും ചെലവും കുറഞ്ഞതും ഉത്പാദനം വർധിച്ചതുമാണ് വിലയിടിയാൻ കാരണം.

കോട്ടയത്തും കൊച്ചിയിലുമുള്ള ചെറുകിട വ്യാപാരികളും, പൾപ്പ്, സിറപ്പ് നിർമാതാക്കളും, കയറ്റുമതിക്കാരുമാണ് പാഷൻ ഫ്രൂട്ടിന്റെ പ്രധാന ആവശ്യക്കാർ. മഴക്കാലം തുടങ്ങിയതോടെ പൾപ്പ് ഉപയോഗിച്ചുള്ള ജ്യൂസ് നിർമാണം കുറഞ്ഞു. ഇവർ പാഷൻ ഫ്രൂട്ട് ശേഖരിക്കുന്നത് നിർത്തുകയുംചെയ്തു.

കാണാൻ ആകർഷകമായ ചുവന്ന, റോസ് കളറുകളുള്ള ഹൈബ്രിഡ് പാഷൻ ഫ്രൂട്ടും മഞ്ഞനിറമുള്ള നാടൻ പാഷൻ ഫ്രൂട്ടും വിപണിയിലെത്തുന്നുണ്ട്. കാണാൻ ആകർഷകമായതിനാലും വലുപ്പം കൂടുതലായതുകൊണ്ടും ഹൈബ്രിഡ് ഇനത്തിനാണ് ചെറുകിട വിപണിയിൽ ആവശ്യക്കാർ ഏറെ. എന്നാൽ, ഉള്ളിലെ പൾപ്പിന് നിറവും മണവും കൂടുതൽ നാടൻ ഇനത്തിനാണ്.

പൾപ്പും സിറപ്പും നിർമിക്കുന്നവർക്കും മഞ്ഞനിറമുള്ള നാടൻ ഫ്രൂട്ടാണ് ആവശ്യം. നാടൻ ഇനത്തിന് കീടബാധയും കുറവാണ്. നാടൻ ഹൈബ്രിഡ് പാഷൻ ഫ്രൂട്ട് ഇനങ്ങൾ ആഭ്യന്തരവിപണി കൈയ്യടക്കുമ്പോൾ കയറ്റുമതിക്കാർ ഹൈറേഞ്ചിൽ തേടുന്നത് കാന്തല്ലൂർ പാഷൻഫ്രൂട്ടാണ്. മധുരമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. 
 

Tags