ഗ്രന്ഥകാരൻ ഹൈദറലി ശാന്തപുരം അന്തരിച്ചു
മേലാറ്റൂർ: ഹൈദറലി ശാന്തപുരം (81) നിര്യാതനായി. പണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പ്രബോധകൻ, സംഘാടകൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡൻറ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ്.
ശാന്തപുരം മഹല്ല് അസി. ഖാദി സ്ഥാനവും വഹിച്ചിരുന്നു. അൽ ജാമിഅഃ സുപ്രീം കൗൺസിൽ, അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ, പെരിന്തൽമണ്ണ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ്, പത്തിരിപ്പാല ബൈത്തുശ്ശാരിഖ എന്നിവയില്‍ അംഗമായിരുന്നു. 1943 ജൂലൈ 15ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്തായിരുന്നു ജനനം. പിതാവ് മൊയ്തീന്‍. മാതാവ് ആമിന. മുള്ള്യാകുര്‍ശി അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1955-1965 കാലയളവിൽ ശാന്തപുരം ഇസ്‌ലാമിയാ കോളജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി ബിരുദങ്ങൾ നേടി. 1965-1968ൽ അന്തമാനില്‍ പ്രബോധകനും ബോര്‍ഡ് ഓഫ് ഇസ്‌ലാമിക് എജുക്കേഷന്‍ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1968-72ൽ മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം.
പ്രബോധനം വാരിക സബ് എഡിറ്റര്‍ (1972-1973), ജമാഅത്ത് കേരള ഹല്‍ഖാ ഓഫീസ് സെക്രട്ടറി (1974-75), സുഊദി മതകാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകന്‍ (1976-2006), യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ് (2000- 2006), ശാന്തപുരം അല്‍ ജാമിഅ ദഅ്‌വ കോളജ് പ്രിന്‍സിപ്പൽ (2006-2008), അധ്യാപകൻ, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറയിലെയും കേന്ദ്ര പ്രതിനിധി സഭയിലെയും അംഗം (2007-2015) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.