പാലക്കാട് ദേശീയപാതയില്‍ കാര്‍ തടഞ്ഞ് കവര്‍ച്ച : ഒരാള്‍കൂടി പിടിയില്‍
arrest

പാലക്കാട്: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് പണം കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ ഒരു പ്രതി കൂടി
പിടിയില്‍. ചാലക്കുടി ആളൂര്‍ കല്ലേറ്റുംകര വടക്കുമുറി പഞ്ഞിക്കാരന്‍ വീട്ടില്‍ ബാബു (39) വിനെയാണ് കസബ പോലീസ് പിടികൂടിയത്. ബാബുവിനെതിരേ സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനില്‍ നിരവധി കേസുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയില്‍ പുതുശ്ശേരി
ഫ്‌ളൈഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച് കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറേയും കൂട്ടാളിയെയും ആക്രമിച്ച് കാറും മൂന്നുകോടി അന്‍പത്തി അഞ്ച് ലക്ഷം രൂപയും തട്ടിയെത്ത പ്രതികള്‍ കാര്‍ ഒറ്റപ്പാലത്ത് ലക്കിടി റെയില്‍വേ ഗെയിറ്റിനു സമീപം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടെ ബാബുവിനെ തൃശൂര്‍ വച്ച് കണ്ട് തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തത്.
സി.സി.ടിവികള്‍ നിരീക്ഷിച്ചും മൊബൈല്‍ ഫോണ്‍
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ കേസിലെ എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞത്. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട് 15 ഓളം പേരേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാവുമെന്നും കസബ ഇന്‍സ്‌പെകടര്‍ അറിയിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പാലക്കാട്
ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ. അനീഷ്, എ.എസ്.ഐ. ടി.എ. ഷാഹുല്‍ ഹമീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share this story