പാലക്കാട് അതീവജാഗ്രത ; സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും

google news
police

പാലക്കാട്: ജില്ലയിൽ സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും. കോയമ്പത്തൂർ സിറ്റി പോലീസിന്റെ മൂന്ന് കമ്പനി ഉൾപ്പടെ 900 പോലീസുകാരാണ് പാലക്കാട് എത്തുക. മൂന്ന് ദിവസത്തേക്കാണ് തമിഴ്‌നാട് പോലീസിന്റെ സുരക്ഷാ വിന്യാസം.

അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്‌ഞ തുടരുകയാണ്. ഈ മാസം 20 വരെയാണ് നിരോധനാജ്‌ഞ ഏർപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

സംസ്‌ഥാനത്തെയാകെ നടുക്കിക്കൊണ്ട് രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാലക്കാട് നടന്നത്. വിഷുദിനത്തിലാണ് ജില്ലയിൽ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത്. പാലക്കാട് കസബ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉച്ചയോടെയായിരുന്നു കൊലപാതകം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്‌ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്‌ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡണ്ടായിരുന്നു കൊല്ലപ്പെട്ട സുബൈർ.

ഇന്നലെ ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.

Tags