പാലക്കാട് മണ്ണാർക്കാട് ലോറി മറിഞ്ഞ് അപകടം ; നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
പാലക്കാട്: മണ്ണാർക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് സൂചന. ലോറിക്കടിയിൽപ്പെട്ട വിദ്യാർത്ഥികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞ് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ദാരുണമായ മരണം സംഭവിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അഞ്ച് കുട്ടികളുടെ ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ഓടി രക്ഷപ്പെടുകയായിരുന്നു.
ഇന്ന് വൈകിട്ട് 3.45ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രദേശത്ത് അപകടം സ്ഥിരം സംഭവമാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി റോഡ് ഉപരോധിക്കുകയാണ്.