പാലക്കാട് കല്‍ച്ചാടിയില്‍ കാട്ടാനകള്‍ വൈദ്യുതി തൂണും തെങ്ങും നശിപ്പിച്ചു
പാലക്കാട്: നെന്മാറ കരിമ്പാറ കല്‍ച്ചാടിയില്‍ കാട്ടാനക്കൂട്ടം വൈദ്യുതി തൂണും, തെങ്ങുകളും കുത്തി മറിച്ചു നശിപ്പിച്ചു. കല്‍ച്ചാടിയിലെ കര്‍ഷകനായ അബ്ബാസ് ഒറവഞ്ചിറയുടെ കൃഷിയിടത്തിലൂടെ പോകുന്ന നാലുലൈനുകളുള്ള വൈദ്യുതി തൂണ്‍ മൂന്നായി മുറിച്ച് കാട്ടാന തള്ളിമുറിച്ചു. ലൈനുകള്‍ കൂട്ടിമുട്ടി സമീപത്തെ മരത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു. സമീപത്തെ മൂന്നോളം തൂണുകളിലെ ഇന്‍സുലേറ്ററുകളും തകര്‍ന്നു. നിലത്ത് മുട്ടാതെ ഒരടിയോളം പൊക്കത്തില്‍ തൂങ്ങിക്കിടക്കുകയായിരുന്നു വൈദ്യുതി പ്രവഹിച്ചിരുന്ന ലൈനുകള്‍.
റബ്ബര്‍ തോട്ടത്തില്‍ ജോലിക്ക് എത്തിയ ടാപ്പിംഗ് തൊഴിലാളികളും മറ്റുള്ളവരും പതിവ് വരുന്ന വഴിയില്‍ അല്ലാതെ മറ്റൊരു വഴിയിലൂടെ വന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സാധാരണ തൊഴിലാളികള്‍ ടാപ്പിങ്ങിനായി നേരം വെളുക്കുന്നതിനു മുമ്പ് തന്നെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി കാട്ടാനയുടെ സാന്നിധ്യം ഉള്ളതിനാല്‍ നേരം പുലര്‍ന്നതിനുശേഷം മാത്രം മറ്റൊരു വഴിയിലൂടെ വന്നതിനാലാണ് കാട്ടാന തകര്‍ത്ത ലൈന്‍ വീണു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അതിരാവിലെ ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ ആയിരുന്നെങ്കില്‍ വന്‍ ദുരന്തം നടക്കുമായിരുന്നു എന്ന് തൊഴിലാളികളായ പി. വെള്ള, മല്ലിക, രതീഷ് എന്നിവര്‍ പറഞ്ഞു.
കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം വിചേ്ഛദിച്ചു. അടുത്ത ദിവസം പുതിയ വൈദ്യുതി തൂണും മറ്റു സാമഗ്രികളും എത്തിച്ച ശേഷമേ പ്രദേശത്തേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ എന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. ലൈന്‍ താഴ്ന്നു വന്ന സമയത്ത് കാട്ടാനകള്‍ക്ക് ഷോക്ക് ഏറ്റിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കെ.എസ്.ഇ.ബി ജീവനക്കാര്‍ പറഞ്ഞു. സമീപത്തെ കര്‍ഷകനായ കോപ്പന്‍ കുളമ്പ് രാജുവിന്റെ രണ്ടു തെങ്ങുകളും ഇതോടൊപ്പം കാട്ടാന തള്ളിയിട്ട് തിന്നു നശിപ്പിച്ചു.
റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളും താങ്ങു കമ്പികളും, കമുക് തോട്ടങ്ങളിലെ ജല വിതരണ കുഴലുകളും ചവിട്ടിയും ഒടിച്ചു വളച്ചും നശിപ്പിച്ചിട്ടുണ്ട്. നെന്മാറ വനം ഡിവിഷനിലെ തിരുവഴിയാട് സെക്ഷനിലെ കല്‍ച്ചാടി ഭാഗത്ത് വന മേഖലയോട് ചേര്‍ന്ന സൗരോര്‍ജ വൈദ്യുത വേലികളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തോളമായി തുടര്‍ച്ചയായി ഒറ്റയായും കൂട്ടമായും കാട്ടാനകള്‍ മേഖലയില്‍ കൃഷി നാശം തുടങ്ങിയിട്ട്. കാട്ടാനകളെ ഉള്‍വനത്തിലേക്ക് കയറ്റി വിടാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കണമെന്നും പ്രദേശത്ത് കുറച്ചുദിവസം തുടര്‍ച്ചയായി വാച്ചര്‍മാരെയും ആര്‍.ആര്‍.ടി സംഘത്തെയും നിയോഗിച്ച് കൃഷിയിടങ്ങളില്‍ കാട്ടാന മൂലമുള്ള നാശം ഒഴിവാക്കണമെന്നും, തകര്‍ന്ന വൈദ്യുതി വേലി ശരിയാക്കി രാപകല്‍ ഭേദമന്യേ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.