പാലക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
Dec 25, 2024, 19:03 IST
പാലക്കാട്: നഗരത്തിൽ ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ സ്റ്റേഡിയം ബൈപ്പാസ് റോഡിലാണ് സംഭവം. തിരുവാലത്തൂർ സ്വദേശി ജ്യോതിഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. ഗിയർ കേടായതിനെ തുടർന്ന് നന്നാക്കി സർവീസ് സെന്ററിൽ നിന്ന് കാറിൽ തിരികെ വരുന്നതിനിടെയാണ് സംഭവം.
പുക ശ്രദ്ധയിൽപ്പെട്ട ഉടനെ കാർ ഓടിച്ചിരുന്ന ജ്യോതിഷ് ഓടി രക്ഷപ്പെട്ടതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് അഗ്‌നിശമന സേന എത്തുമ്പോഴേക്കും കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. വിവരം അറിഞ്ഞ രാഹുൽമാങ്കൂട്ടത്തിൽ എം.എൽ.എയും സംഭവ സ്ഥലത്തെത്തി. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കാർ പരിശോധിച്ചു. യന്ത്രതകരാറാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ നിഗമനം.