നാലു വിദ്യാർഥികളുടെ ജീവനെടുത്ത അപകടം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

sivankutty
sivankutty

പാലക്കാട്: മണ്ണാര്‍ക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. സംഭവസ്ഥലത്തേക്ക് പോകാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

കല്ലടിക്കോട് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ മന്ത്രി അനുശോചിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. മൂന്ന് പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മദര്‍ കെയര്‍ ഹോസ്പിറ്റലിലുമാണ്.

എതിര്‍ദിശയില്‍ സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം നാലു മണിയോടെ കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുന്ന സമയത്താണ് അപകടം. ലോറി നിയന്ത്രണംവിട്ട വീടിനോട് ചേര്‍ന്ന് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു.

Tags