നാലുവർഷ ബിരുദം സിലബസ് പോലും തയ്യാറാവാതെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വഞ്ചന; പി.മുഹമ്മദ് ഷമ്മാസ്

muhammad shammas

കേരളത്തിലെ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പുതുതായി നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് സിലബസ് പോലും തയ്യാറാവാതെയാണെന്നും , അക്കാദമിക രംഗത്ത് പൂർത്തിയാക്കേണ്ടുന്ന കാര്യങ്ങൾ ചെയ്യാതെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി നാല് വർഷ ബിരുദ കോഴ്സിന്റെ പ്രവേശനം ഉദ്ഘാടനം ചെയ്യുന്നത് വിദ്യാർത്ഥി വഞ്ചനയാണെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സിലബസുകൾ ഇതുവരെയും ലഭ്യമാക്കിയിട്ടില്ലെന്നിരിക്കെ വിദ്യാർത്ഥികളുടെ ഭാവിക്ക് ഗുണകരമാകാത്ത തരത്തിൽ വിദ്യാർത്ഥികൾക്ക് പ്രയാസം സൃഷ്ടിച്ച് കൊണ്ട് പദ്ധതി ആരംഭിക്കാൻ എന്തിനാണ് ധൃതി കാണിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയും വിശദമാക്കേണ്ടതാണ്. കണ്ണൂർ സർവ്വകലാശാലയിൽ തന്നെ പകുതിയിൽ അധികം കോഴ്സുകൾക്കും പൂർണ്ണമായ സിലബസുകൾ ഇല്ല. പല വിഷയങ്ങളിലും രണ്ട് സെമസ്റ്ററിൻ്റെ സിലബസുകൾ മാത്രമാണുള്ളത്. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങുന്നത് പോലെ ഗഡുക്കളായാണ് വിദ്യാർത്ഥികൾക്ക് സിലബസുകൾ പോലും ഇപ്പോൾ നൽകുന്നത് എന്നത് വിരോധാഭാസമാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

ഓരോ കോഴ്സിനും വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ കോഴ്സ് ബാസ്ക്കറ്റുകൾ ഒരുക്കും എന്ന് പ്രഖ്യാപിച്ച സർക്കാർ, ബാസ്ക്കറ്റ് പോയിട്ട് ഒരു കപ്പ് പോലും ഒരുക്കിയിട്ടില്ല എന്നതാണ് വസ്തുത. സർവ്വത്ര ആശയക്കുഴപ്പവും ആശങ്കയും  നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ രീതിശാസ്ത്രം അനുസരിച്ചുള്ള മൂല്യനിർണയം വിദ്യാർത്ഥികളുടെ നിലവാരം കൃത്യമായി ചോദ്യം ചെയ്യപ്പെടും എന്നത് വസ്തുതയാണ്.

വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരം എന്ന് കൊട്ടിഘോഷിക്കുമ്പോൾ അതിന്റ അടിസ്ഥാനപരമായ യുജിസിയുടെ ക്രെഡിറ്റ് ഫോർമൂലയും സംസ്ഥാനത്തെ ക്രെഡിറ്റ് ഫോർമുലയും തമ്മിലുള്ള വൈരുദ്ധ്യം സർക്കാർ മനസിലാക്കേണ്ടതായിരുന്നു. പുതിയ രീതിയനുസരിച്ച് ഇന്റേൺഷിപ്പ്  ചെയ്യുന്നത് സംബന്ധിച്ച് ഒരു രൂപരേഖയും ഇത് വരെ തയ്യാറായിട്ടില്ല. യൂണിവേഴ്സിറ്റികളിൽ
ഇതെല്ലാം തയ്യാറാക്കേണ്ടത് സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് ആണെങ്കിലും. അതും ആകെ കുത്തഴിഞ്ഞ നിലയിലാണ്.

രാഷ്ട്രീയ താൽപര്യവും സ്വജനപക്ഷപാതവും ബോർഡ് ഓഫ് സ്റ്റഡീസിന്റെയും നിലവാരം തകർത്തു. കഴിവുള്ള ആളുകൾ ആരും ഇത്തരം സമിതികളിൽ ഇല്ല തട്ടിക്കൂട്ടി ഉണ്ടാക്കിയ ഇത്തരം ബോർഡ് ഓഫ് സ്റ്റഡീസുകൾ തയ്യാറാക്കുന്ന സിലബസുകളും കേവലം തട്ടിക്കൂട്ട് സിലബസുകളായി മാറുന്നു എന്നതാണ് വസ്തുതയെന്നും അടിയന്തിരമായി സർക്കാർ ഇത്തരം പ്രയാസകരമായ കാര്യങ്ങൾ പരിശോധിച്ച് നടപടി കൈകൊള്ളണമെന്നും പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

muhammad shammas

അതേസമയം കണ്ണൂർ സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റേയും,പ്രിയ വർഗീസിന്റെയുമുൾപ്പെടെയുള്ള നിയമനങ്ങളുടെ മറവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കോടികളുടെ കൊള്ളയാണ് നടന്നിട്ടുള്ളതെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. വക്കീൽ ഫീസിനത്തിലുൾപ്പടെ പുറത്തുവന്ന കണക്കുകളിൽ  സർക്കാരും സർവകലാശാലയും ചെലവഴിച്ചത് കോടികളാണ് എന്ന് വ്യക്തമായിരിക്കുകയാണ്. ഔദ്യോഗികമായി പുറത്തുവന്ന കണക്കുകളിൽ പോലും അടിമുടി ദുരൂഹതയും നിലനില്ക്കുന്നുണ്ട്.

ഗോപിനാഥ് രവീന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് മാത്രം 3172000 രൂപ സർവകലാശാല ചെലവഴിച്ചപ്പോൾ 3777340 രൂപയാണ് ഇതിനായി എ ജി ഓഫീസ് മുഖേനെ സർക്കാർ ചെലവഴിച്ചത്. അങ്ങനെ 6949340 രൂപ ഫീസിനത്തിൽ മാത്രം ഗോപിനാഥ് രവീന്ദ്രന് വേണ്ടി ചെലവഴിച്ചപ്പോൾ  വഴിവിട്ട പുനർ നിയമന കാലയളവിൽ 60 ലക്ഷത്തിലധികം രൂപ അദ്ദേഹത്തിന് ശമ്പളയിനത്തിലും നൽകിയിട്ടുണ്ട്. പ്രിയ വർഗീസിനെ നിയമനത്തിന് മാത്രമായി ഇതുവരെ സർവകലാശാല ചെലവഴിച്ചത് 780000 രൂപയാണ്. ഒരുതരത്തിലുമുള്ള യോഗ്യതയും ഇല്ലാത്ത ഗോപിനാഥ് രവീന്ദ്രനും പ്രിയ വർഗീസിനുമായി സർക്കാരും സർവകലാശാലയും ചേർന്ന് പൊടിപൊടിച്ചത് ഒന്നരക്കോടിയോളം രൂപയാണ്. ഇതിൽ കേസ് നടത്തിപ്പിന് മാത്രം 8150090 രൂപ ചിലവഴിച്ചിട്ടുണ്ട്.

പാവപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും ഫീസിനത്തിൽ ഉൾപ്പെടുത്തി പിരിച്ചെടുത്തതും അവരുടെ രക്ഷിതാക്കളുടെ വിയർപ്പിന്റെ നനവുള്ള നികുതിപ്പണവുമാണ് ഇങ്ങനെ ഇഷ്ടക്കാർക്കും ഭാര്യമാർക്കും പാർട്ടിക്കാർക്കും വേണ്ടി കൊള്ളയടിക്കുന്നത്. ഈ കൊടും കൊള്ളയുടെ പുറത്തുവന്ന കണക്കുകൾ മാത്രമാണിത്. സർവകലാശാലയും സർക്കാരും പുറത്തുവിട്ട കണക്കുകളിൽ പോലും വലിയ പൊരുത്തക്കേടുകൾ നിലവിലുണ്ട്. കണക്കുകൾ പലതും ദുരൂഹവുമാണ്. 2023 ഡിസംബർ 7 ന് സർവ്വകലാശാല നൽകിയ വിവരാവകാശ മറുപടിയിൽ അന്നേദിവസം വരെ ഗോപിനാഥ് രവീന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് 2055000 രൂപ ചെലവഴിച്ചു എന്നാണുള്ളത്. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ നൽകിയ മറുപടിയിൽ 3148000 രൂപ എന്നാണ് പറഞ്ഞിട്ടുള്ളത്.

വിവരാവകാശ രേഖ നൽകിയ തീയതിക്കും മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞ തീയതിക്കും ഇടയിൽ 2023 ഡിസംബർ 12ന് നടന്ന സിൻഡിക്കേറ്റ് യോഗ തീരുമാനത്തിൽ 1116000 രൂപ  അനുവദിച്ച സാഹചര്യത്തിൽ എങ്ങനെ കൂട്ടിയാലും മന്ത്രിയും സർവകലാശാലയും പറഞ്ഞ കണക്കുകളിലെ വൈരുദ്ധ്യം വ്യക്തമാണ്. ഈ ഇടപാടുകളിൽ നടന്ന തട്ടിപ്പ് കണക്കുകളായി ഇതിലൂടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും സർവകലാശാലകൾ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്നു ചാൻസിലർക്കെതിരെ കേസ് നടത്താനുള്ള ഫണ്ടിങ് ഏജൻസിയായി സർക്കാർ സർവകലാശാലകളെ മാറ്റിയിരിക്കുന്നു.സിറ്റിംഗ് ജഡ്ജിയെക്കൊണ്ടുൾപ്പടെയുള്ള ഗൗരവകരമായ അന്വേഷണം ഈ വിഷയത്തിൽ ആവശ്യമാണ്. 

പൊതുപണം കൊള്ളയടിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ,കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ ജവാദ് പുത്തൂർ,സർവ്വകലാശാല സെനറ്റ് അംഗം ആഷിത്ത് അശോകൻ എന്നിവർ സന്നിഹിതരായിരുന്നു.


 

Tags