വിധി വന്നതിന് ശേഷം ഞാനും അവളും ഉറങ്ങിയിട്ടില്ല ;എതിരാളി ശക്തനാണ് സ്വാധീനമുള്ളവനാണ്, അതിജീവിതയോടൊപ്പം സമൂഹവും മാധ്യമങ്ങളും മാത്രമേയുള്ളൂ: ഭാഗ്യലക്ഷ്മി
ഫെഫ്കയില്‍ നിന്നും രാജിവെച്ചെതിന് പിന്നാലെ കൂടുതൽ പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി. എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണെന്നും അതിജീവിതയോടൊപ്പം പൊതുസമൂഹവും മാധ്യമങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇന്നലെ വിധി വന്നതിന് ശേഷം ഞാനും അവളും ഉറങ്ങിയിട്ടില്ല. എന്റെ പ്രതിഷേധം എല്ലാവരെയും അറിയിക്കാൻ വേണ്ടിയാണ് ഈ പത്രസമ്മേളനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
'എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണ്. ഞങ്ങളോടൊപ്പം പൊതുസമൂഹവും മാധ്യമങ്ങളും മാത്രമേയുള്ളൂ. ഇന്നലെ അവളും ഞാനും ഉറങ്ങിയില്ല ഇനി എന്ത് ചെയ്യണം എന്നോര്‍ത്ത്. എന്റെ പ്രതിഷേധം എന്റെ ശരി എല്ലാവരും അറിയണം. ഞാന്‍ ഒഫീഷ്യലായി ഇമെയില്‍ അയച്ചാല്‍ അത് ആരും അറിയില്ല. അതുകൊണ്ടാണ് വീഡിയോയിലൂടെ നിങ്ങളെ അറിയിച്ച ശേഷം പരാതി കൊടുക്കാമെന്ന് കരുതുന്നത്', ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ. നേരത്തെ ഫെഫ്കയില്‍ നിന്നും ഭാഗ്യലക്ഷ്മി രാജിവെച്ചിരുന്നു.
രാജിവെച്ചതിന് പിന്നാലെ ഭാഗ്യലക്ഷ്മി ബി ഉണ്ണികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരുന്നു. അതിജീവിതയെ വിളിക്കാനോ നേരില്‍ കാണാനോ തയ്യാറാകാത്ത വ്യക്തിയാണ് ബി ഉണ്ണികൃഷ്ണനെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഗൂഢാലോചന തെളിയിക്കപ്പെടാതിരന്നതിനെ തുടർന്ന് കേസില്‍ നിന്നും കുറ്റവിമുക്തനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. അപേക്ഷ നല്‍കിയാല്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു വിധി വന്നതിന് പിന്നാലെയുള്ള ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം.
അതിജീവിതയോടൊപ്പം ഫെഫ്ക എന്നായിരുന്നു ആ സംഭവം നടന്ന ഉടനെ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ആ പറഞ്ഞത് സത്യസന്ധമായ വാക്കാണെങ്കിൽ, ആത്മാർത്ഥമായിട്ട് പറഞ്ഞ വാക്കാണെങ്കിൽ ഒരിക്കൽ പോലും അവളെ ഒന്ന് പോയി കാണാനോ അവളെ വിളിക്കാനോ അവളെ ആശ്വസിപ്പിക്കാനോ ഈ നേതാവ് തയ്യാറായിട്ടില്ല.
ദിലീപ് ഒരു കുറ്റാരോപിതനായി തന്നെ നിയമത്തെ നേരിട്ടുകൊണ്ടിരിക്കുന്നതുകൊണ്ടും ഞാന്‍ പോയി കഴിഞ്ഞാല്‍ ബുദ്ധിമുട്ടാണെന്ന് സഹപ്രവർത്തകരായ ഡബ്ബിംഗ് ആർട്ടിസ്റ്റുകളും പറഞ്ഞതിനാല്‍ മാത്രമാണ് ഞാൻ ഇത്രയും വർഷക്കാലം കടിച്ചുപിടിച്ച് നിന്നത്. പക്ഷെ ഇന്നലെ വിധി വന്ന് മിനിറ്റുകൾക്കകം പറയുകയാണ്, അപേക്ഷ കിട്ടിയാൽ അംഗത്വം നൽകുമെന്ന്. എന്താണിത്, ഇവിടെ ഇനി ഹൈക്കോടതിയുണ്ട്, ഇവിടെ സുപ്രീം കോടതിയുണ്ട്. ഒരു കീഴ്ക്കോടതിയുടെ വിധി മാത്രമേ വന്നിട്ടുള്ളൂ. പല കാര്യങ്ങളും നമുക്ക് ഇനിയും തെളിയിക്കാനുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
.jpg)

