ഒളിവിൽക്കഴിയുന്നതിനിടയിലും കൊലപാതകം; കോഴിക്കോട്ടും ഈറോഡിലുമായി രണ്ടുപേരെ കൊന്നയാൾ പിടിയിൽ
yhg

കോഴിക്കോട്: കോഴിക്കോട് ഫറോക്കിലും കോയമ്പത്തൂരിനടുത്ത് ഈറോഡിലും രണ്ടുപേരെ കൊന്നകേസിലെ പ്രതി കോഴിക്കോട്ട് അറസ്റ്റിൽ. ഫറോക്ക് നല്ലൂർ ചെനക്കൽ മണ്ണെണ്ണ സുധി എന്ന സുധീഷ്‌കുമാറിനെയാണ് (39) സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ഫറോക്ക് പോലീസ് ഇൻസ്പെക്ടർ എം.പി. സന്ദീപിന്റെ കീഴിലുള്ള സംഘവും ചേർന്ന് രാമനാട്ടുകരയിൽനിന്ന് പിടികൂടിയത്.

മോഷണക്കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയും ലഹരിമരുന്നിന് അടിമയുമാണിയാളെന്ന് പോലീസ് പറഞ്ഞു. ഫറോക്ക് ചുള്ളിപറമ്പിൽ മടവൻപാട്ടിൽ അർജുനനെയും ഇൗറോഡ് സ്വദേശി സുധാകറെയുമാണ് സുധി കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്നതിനിടെയാണ് രണ്ടാമത്തെ കൊല നടത്തിയത്.

ജനുവരി 10-നാണ് അർജുനൻ കൊല്ലപ്പെട്ടത്. സുധീഷ് ചുങ്കം ചുള്ളിപറമ്പ് റോഡിലെ മീൻ മാർക്കറ്റിനുസമീപം ഇരുന്ന് മദ്യപിക്കുമ്പോൾ തൊട്ടടുത്തിരുന്ന അർജുനനുമായി വാക്കേറ്റമുണ്ടാവുകയും തള്ളിനിലത്തിട്ട് ചവിട്ടുകയുമായിരുന്നു. രക്തംവാർന്ന് ബോധമില്ലാതെകിടന്ന അർജുനനെ നാട്ടുകാരാണ് തൊട്ടടുത്തദിവസം ആശുപത്രിയിൽ എത്തിച്ചത്.

ഫറോക്ക് താലൂക്കാശുപത്രിയിലും വിദഗ്ധചികിത്സയ്ക്കായി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഒൻപത് ദിവസത്തിനു ശേഷം അർജുനൻ മരിച്ചു. എല്ലുകൾ പൊട്ടിയതും തലച്ചോറിലെ ക്ഷതവും രക്തം കട്ടപിടിച്ചതുമാണ് മരണകാരണം. ഫറോക്ക് പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും സുധീഷ് തമിഴ് നാട്ടിലേക്ക് കടന്നു. പിന്നീട് ഈറോഡിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് കൂടെ ജോലിചെയ്തിരുന്ന സുധാകരയെ സുധീഷ് കൊലപ്പെടുത്തിയത്. അതിക്രൂരമായി മർദിച്ചശേഷം ബെഡ്ഷീറ്റിൽക്കെട്ടി അഴുക്കുചാലിൽ തള്ളുകയായിരുന്നു. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ ദിവസങ്ങൾക്കുശേഷമാണ് അഴുകിയ രീതിയിൽ മൃതദേഹം കണ്ടെടുത്തത്. റെയിൽവേ ട്രാക്കിലിടാൻ ശ്രമിച്ചപ്പോൾ ആളുകളെ കണ്ടതിനാൽ അഴുക്കുചാലിൽ ഇടുകയായിരുന്നുവെന്നാണ് പോലീസിനോട് സുധീഷ്‌കുമാർ പറഞ്ഞത്. സംഭവശേഷം അവിടെനിന്ന് രക്ഷപ്പെട്ട് താമരക്കര എന്ന സ്ഥലത്ത് മറ്റൊരു വേഷത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.

പോലീസ് പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ സുധീഷ് കർണാടകവഴി കേരളത്തിലേക്ക് കടന്നു. ശനിയാഴ്ച രാത്രിയാണ് രാമനാട്ടുകരയിൽവെച്ച് പിടികൂടുന്നത്. സുധീഷിന് പിന്നാലെയുണ്ടായിരുന്ന തമിഴ്‌നാട് പോലീസും അല്പസമയത്തിനുള്ളിൽത്തന്നെ സ്ഥലത്തെത്തി.

ഈറോഡിൽ താമസിക്കുന്നതിനിടെ മയക്കു മരുന്നിനായി ഇരുന്നൂറ് കിലോമീറ്റർ അകലെയുള്ള മൈസൂരുവിലേക്ക് പല ദിവസങ്ങളിലും പോവാറുണ്ട്. പത്ത് മൊബൈൽ ഫോണുകളും ഒട്ടേറെ സിം കാർഡുകളും മാറ്റി ഉപയോഗിച്ച് പോലീസിനെ വഴിതെറ്റിക്കാൻ പ്രതി ശ്രമിച്ചിരുന്നു. എട്ടുമാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടിക്കുന്നത്.

അന്വേഷണസംഘത്തിൽ സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ്‌ ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, ഫറോക്ക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വി.ആർ. അരുൺ, എ.എസ്‌.ഐ. ലതീഷ് പുഴക്കര, സിവിൽ പോലീസ് ഓഫീസർ ടി.പി. അനീഷ് എന്നിവരും ഉണ്ടായിരുന്നു.

Share this story