ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്: ഒരാള്‍ അറസ്റ്റില്‍


പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മേലെ പട്ടാമ്പി കുറുപ്പന്‍തൊടി നസറുദ്ദീന്‍ ഷാ (32) ആണ് അറസ്റ്റിലായത്. നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലേക്കു മടങ്ങവെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഓണ്‍ലൈന്‍ തട്ടിപ്പുനടത്തുന്ന കംബോഡിയയിലെ കമ്പനിയിലേക്കാണ് ആളുകളെ പ്രതി കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പൊന്നാനി സ്വദേശിയായ എം.ടി. അജ്മലിന്റെ പരാതിയിലാണ് പ്രതി പിടിയിലായത്. നിരവധി യുവാക്കള്‍ ഇവരുടെ തട്ടിപ്പിനിരയായിരുന്നു. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇരകളെ സംഘം വലയിലാക്കുന്നത്. ഇവരില്‍നിന്ന് ഒന്നരലക്ഷം രൂപയും സംഘം കൈപ്പറ്റിയിരുന്നു.
തായ്‌ലന്‍ഡിലെ പരസ്യക്കമ്പനിയിലായിരുന്നു ജോലി വാഗ്ദാനം. എന്നാല്‍ ഇങ്ങോട്ടുതിരിച്ച യുവാക്കളെ കംബോഡിയയിലെ സൈബര്‍ തട്ടിപ്പു കേന്ദ്രത്തിലേക്കാണ് എത്തിച്ചത്. നിരവധി പേര്‍ തട്ടിപ്പിനിരയായി ഇപ്പോഴും കംബോഡിയയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അജ്മല്‍ ഉള്‍പ്പെടെ തട്ടിപ്പിനിരയായ ചിലര്‍ സംഘത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു.

ഇരയായവരില്‍നിന്നും 2000 ഡോളര്‍ വച്ച് സംഘം കൈക്കലാക്കിയതായാണ് വിവരം. മനുഷ്യക്കടത്ത്, തടവില്‍ പാര്‍പ്പിക്കല്‍, പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്ത്, പൊന്നാനി എസ്.ഐ. ആര്‍.യു. അരുണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. സജുകുമാര്‍, എസ്. പ്രശാന്ത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, കൃപേഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു തുടരന്വേഷണം നടത്തുന്നത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രതിക്കെതിരെ കേരളത്തിലെ മറ്റു ജില്ലകളിലും സമാന രീതിയിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.