നഴ്‌സിങ് കോളേജുകളിൽ 1:10 അധ്യാപക-വിദ്യാർഥി അനുപാതം വേണം

teacher
teacher

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ അധ്യാപകനിയമനത്തിൽ 10 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ എന്ന അനുപാതം പാലിക്കണമെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അറിയിച്ചു . അധ്യാപകർക്ക് കേന്ദ്ര, സംസ്ഥാന നിരക്കോ, യു.ജി.സി. സ്‌കെയിലോ പാലിച്ച് ശമ്പളം നൽകണമെന്ന നിർദേശത്തിനു പിന്നാലെയാണ് അധ്യാപക-വിദ്യാർഥി അനുപാതത്തിലും കൗൺസിൽ നിലപാട് കടുപ്പിക്കുന്നത്.കോളേജുകൾക്ക് പ്രവേശനാനുമതി നൽകുന്നതിനുമുന്നോടിയായി സംസ്ഥാന കൗൺസിൽ നടത്തുന്ന പരിശോധയിൽ ഇക്കാര്യം ഉറപ്പാക്കേണ്ടിവരും. ഒട്ടുമിക്ക സ്വകാര്യ കോളേജുകളും അധ്യാപക അനുപാതമോ അവരുടെ യോഗ്യതയോ കൃത്യമായി പാലിക്കുന്നില്ലെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ട്.

നോൺടീച്ചിങ് സ്റ്റാഫിന്റെ നിയമന കാര്യത്തിലും കൗൺസിൽ നിർദേശം കർശനമാക്കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഓഫീസ് സൂപ്രണ്ട്, പ്രിൻസിപ്പലിന്റെ പി.എ., ക്ലാർക്ക്, സ്റ്റോർകീപ്പർ, ലൈബ്രേറിയൻ തുടങ്ങിയ ജീവനക്കാർ നഴ്‌സിങ് കോളേജിന്റേതായി മാത്രം ഉണ്ടാകണമെന്നാണ് നിർദേശം. നിലവിൽ പല നഴ്‌സിങ് കോളേജുകളും അവരുടെ ആശുപത്രി ജീവനക്കാരെത്തന്നെയാണ് കോളേജിന്റെ നടത്തിപ്പിനായി നിയോഗിക്കുന്നത്.

പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ക്ലാസെടുക്കണമെന്ന് കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. ദിവസം കുറഞ്ഞത് നാല് മണിക്കൂറെങ്കിലും എല്ലാ അധ്യാപകർക്കും ക്ലാസ് ഉണ്ടാകണം. അധ്യാപകരിൽ ഒരാളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ കമ്യൂണിറ്റി ഹെൽത്ത് ഫീൽഡ്തല പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിക്കണം. പഠിപ്പിക്കുന്ന വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവരായിരിക്കണം അധ്യാപകർ.ഇവർക്ക് നിശ്ചിത ഇടവേളകളിലുള്ള ഹ്രസ്വകാല കോഴ്‌സുകൾ, ശില്പശാലകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിന് അനുമതിനൽകണം. പരീക്ഷ, കൗൺസിലിന്റെ പരിശോധന എന്നിവയ്ക്ക് നിയോഗിക്കുന്ന അധ്യാപകർക്ക് മറ്റ് കോളേജുകൾ അർഹമായ പരിഗണനയും മാന്യതയും നൽകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Tags