നെയ്യാറ്റികരയിൽ മക്കൾ വയോധികനെ ‘സമാധി’ ആക്കിയ സംഭവം ; ഇന്ന് കല്ലറ പൊളിച്ചേക്കും
നെയ്യാറ്റിങ്കര: തിരുവനന്തപുരം നെയ്യാറ്റികരയിൽ മക്കൾ വയോധികനെ ‘സമാധി’ ഇരുത്തിയ സംഭവത്തിൽ ബന്ധുക്കളുടെ മൊഴിയിൽ വൈരുധ്യം. മരിച്ച ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നൽകിയ മൊഴി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിന് ഇത്തരമൊരു മൊഴി നൽകിയത്. എന്നാൽ, വ്യാഴാഴ്ച രാവിലെ 11ഓടെ ഗോപൻസ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനന്‍റെ മൊഴി.
ഇത്തരത്തിൽ മൊഴിയിലെ വൈരുധ്യം നിലനിൽക്കുന്നതിനായി കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്. കുടുംബത്തിന്‍റെ മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോപൻ സ്വാമി മരിച്ചശേഷം സമാധി സ്ഥലത്ത് കൊണ്ടുവെയ്ക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
പൊലീസ് കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി മരിച്ച ഗോപൻസ്വാമിയുടെ മകൻ രാജസേനൻ രംഗത്തെത്തിയിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അച്ഛന്റെ ആഗ്രഹപ്രകാരമാണ് 'സമാധി' ഇരുത്തിയത്. ഞാന്‍ ചെയ്തത് തെറ്റല്ല. എനിക്കതില്‍ പൂര്‍ണവിശ്വാസമുണ്ട്. നാട്ടുകാര്‍ക്ക് ഇതൊന്നും മനസിലാവില്ലെന്നും രാജസേനൻ പ്രതികരിച്ചു.
'അച്ഛന് സമാധിയാകുമ്പോള്‍ ഇരിക്കാനുള്ള പത്മപീഠക്കല്ല്, ദളക്കല്ല് എന്നിവ അഞ്ചുവര്‍ഷം മുമ്പ് തന്നെ അച്ഛന്‍ മയിലാടിയില്‍നിന്ന് പ്രത്യേകമായി വരുത്തിയിരുന്നു. എന്നാല്‍ ഇന്നലെയാണ് സമാധിയാവാന്‍ സമയമായി എന്ന് അദ്ദേഹം പറഞ്ഞത്. ശേഷം സമാധിയാവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്ന ഇടത്തേക്ക് പോയി. അവിടെ പീഠത്തില്‍ പത്മാസനത്തില്‍ ഇരുന്നു. ശേഷം എന്നെ അനുഗ്രഹിച്ചു.
വ്യാഴാഴ്ച രാവിലെ 11.30-ന് അദ്ദേഹം സമാധിയായി. എന്റെ സഹോദരന്‍ ആ സമയത്ത് ജോലി സ്ഥലത്തായിരുന്നു. വിളിച്ച് അറിയിച്ചതിനുപിന്നാലെ പൂജയ്ക്കായുള്ള സാധനങ്ങളുമായാണ് അദ്ദേഹം എത്തിയത്. പകല്‍വെളിച്ചത്തിലാണ് ഈ പൂജകളൊക്കെയും നടന്നത്.
ഭസ്മം, ചന്ദനം, കര്‍പ്പൂരം തുടങ്ങി മറ്റെല്ലാ സുഗന്ധദ്രവ്യങ്ങളുമിട്ട് ഹൃദയത്തിന് മുകളിലേക്ക് മണ്ണില്‍ മൂടാത്ത തരത്തിലാണ് അച്ഛനെ നിമഞ്ജനം ചെയ്തിരിക്കുന്നത്. ഊര്‍ജസ്വലനായി ഇരുന്നാണ് അച്ഛന്‍ സമാധിയായത്. ആ സമയം അദ്ദേഹത്തിന്റെ ശരീരത്തിന് അദ്ഭുതാവഹമായ തേജസായിരുന്നു. സമാധി ചെയ്യുന്നത് ആരും കാണാന്‍ പാടില്ല. അച്ഛന്‍ തന്നെയാണ് അതിനെക്കുറിച്ചൊക്കെ പറഞ്ഞുതന്നിട്ടുള്ളത്.
ചടങ്ങുകളെല്ലാം കഴിഞ്ഞ് ശനിയാഴ്ച വെളുപ്പിനെ മൂന്നുമണിയോടെയാണ് അച്ഛന്റെ സമാധിവിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഇവിടെ പരിസരപ്രദേശങ്ങളിലെല്ലാം ഒട്ടിച്ചത്. അതിനുപിന്നാലെയാണ് ഈ ക്ഷേത്ര ട്രസ്റ്റിലുള്ള ഭാരവാഹികള്‍ രാവിലെതന്നെ ഇവിടെവന്ന് പ്രശ്‌നമുണ്ടാക്കിയത്." -മകൻ രാജസേനൻ പറയുന്നു.
അയല്‍വാസികളറിയാതെ ഗൃഹനാഥന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചതില്‍ ദൂരൂഹത പ്രകടിപ്പിച്ച് നാട്ടുകാർ രംഗത്തെത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി (78) സമാധിയായെന്നാണ് മക്കൾ പറയുന്നത്.
രണ്ടു മക്കള്‍ ചേര്‍ന്ന് ബന്ധുക്കളോ നാട്ടുകാരയോ വാര്‍ഡ് മെമ്പറോ ആരെയും അറിയിക്കാതെ സാമാധിയെന്ന് വരുത്തി തീര്‍ത്ത് മണ്ഡപം കെട്ടി ഭസ്മമിട്ട് ഇട്ട് ഗോപന്‍ സ്വാമിയെ സമാധി പീഠത്തിലിരുത്തി സ്ലാബിട്ട് മൂടി എന്നും നാട്ടുകാര്‍ രംഗത്തെത്തിയത്. ദുരൂഹത ആരോപിച്ചതോടെയാണ് ഗോപൻ സ്വാമിയുടെ തിരോധാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും എന്നാണ് വിവരം.
ഗോപൻ സ്വാമിയെന്ന് നാട്ടുകാർ വിളിക്കുന്ന ഗോപൻ, സ്വന്തമായി പണി കഴിപ്പിച്ച ക്ഷേത്രത്തിൽ പൂജ നടത്തിവരികയായിരുന്നു. ഗോപൻ സ്വാമി സമാധിയായെന്ന പോസ്റ്റർ ശ്രദ്ധയിൽ പെട്ടതോടെയാണ് നാട്ടുകാരിൽ ചിലർക്ക് സംശയമുണ്ടായത്.
തൊട്ടടുത്ത വീട്ടുകാർ പോലും ഗോപന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. സമാധിയായെന്നും കുഴിച്ചുമൂടിയെന്നും മക്കൾ പറഞ്ഞതോടെയാണ് നാട്ടുകാർ ഇക്കാര്യം അറിയുന്നത്. എന്നാൽ തൊട്ടുമുമ്പത്തെ ദിവസം പോലും പുറത്ത് കണ്ട ആൾ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.