നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമര പിടിയില്‍

chenthamara
chenthamara

നെന്മാറ പോത്തുണ്ടി ബോയന്‍കോളനിയിലെ സുധാകരന്‍ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് പ്രതിയായ ചെന്താമര ക്രൂരമായി കൊന്നത്.

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാത കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടി. പോത്തുണ്ടി മലയില്‍ നിന്നാണ് ചെന്താമരയെ പിടികൂടിയത്. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇന്നലത്തെ തെരച്ചില്‍ അവസാനിപ്പിച്ചുവെന്ന പ്രതീതി സൃഷ്ടിച്ച ശേഷം സ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. തെരച്ചില്‍ അവസാനിപ്പിച്ച് എല്ലാവരും മടങ്ങിയെന്ന് കരുതി വനത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രതി തയ്യാറായപ്പോള്‍ അറസ്റ്റിലാകുകയായിരുന്നു.
 
തെരച്ചില്‍ അവസാനിപ്പിച്ചെന്ന് നാട്ടുകാരോട് പറഞ്ഞെങ്കിലും രണ്ട് പൊലീസുകാര്‍ വീതമുള്ള സംഘം വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നാട്ടുകാര്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ച്കൂടിയിരുന്നു. ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി സ്റ്റേഷനില്‍ നിന്നത്. പ്രകോപിതരായ നാട്ടുകാരെ പിരിച്ചുവിടാന്‍ ലാത്തി വീശിയ ശേഷം പൊലീസ് സ്റ്റേഷന്‍ ഗേറ്റ് പൂട്ടുകയും ചെയ്തു.

നെന്മാറ പോത്തുണ്ടി ബോയന്‍കോളനിയിലെ സുധാകരന്‍ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് പ്രതിയായ ചെന്താമര ക്രൂരമായി കൊന്നത്. തിങ്കളാഴ്ച  രാവിലെ 9.15നായിരുന്നു അരും കൊല. വ്യക്തി വൈരാഗ്യമായിരുന്നു കാരണം. അഞ്ച് വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വീട്ടില്‍ക്കയറി കഴുത്തറുത്ത് കൊന്നിരുന്നു. അന്ന് പൊലീസ് നായ മണംപിടിച്ച് ചെന്താമരയുടെ ബന്ധുവാവയ പരമേശ്വരന്റെ വീട്ടിലാണ് എത്തിയത്. പരമേശ്വരന്റെ ഭാര്യയേും കൊല്ലാന്‍ പദ്ധതി ഇട്ടിരുന്ന പ്രതി അവിടെ എത്തുകയും, കാണാത്തതിനെ തുടര്‍ന്ന് തിരികെ പോവുകയുമായിരുന്നു.

ഈ കേസില്‍ മൂന്ന് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.ചെന്താമരയ്ക്ക് മാനസികമായി ഒരു പ്രശ്‌നവുമില്ലെന്ന് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കുന്നു. കൊലപാതകങ്ങളെല്ലാം വളരെ ആസൂത്രണത്തോടെ ചെയ്യുന്നതാണ്. ഇന്നലെ സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ മറ്റൊരു സ്ത്രീയേയും ചെന്താമര ലക്ഷ്യംവച്ചിരുന്നതായും, അവര്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

മണം പിടിച്ച പൊലീസ് നായ 200 മീറ്റര്‍ അകലെയുള്ള ചെന്താമരയുടെ തറവാട്ടിലേക്കാണ് പോയത്. പ്രതി സമീപത്തെ മലയിലുണ്ടാകാമെന്ന സൂചനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് അഞ്ചു വരെ ഡ്രോണ്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിയുടെ സഹോദരനെയും കൊണ്ട് പൊലീസ് തമിഴ്‌നാട്ടിലെ തിരിപ്പൂരിലേക്ക് പോയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യം മകളും വര്‍ഷങ്ങളായി ഇയാളില്‍ നിന്ന് അകന്ന് കഴിയുകയാണ്. ഭാര്യയും മകളും അകലാനുള്ള കാരണം അയല്‍വാസിയായ നീളന്‍ മുടിയുള്ള സ്ത്രീയാണെന്ന് ചെന്താമരയോട് ജ്യോത്സ്യന്‍ പറഞ്ഞിരുന്നു. അത് സുധാകരന്റെ ഭാര്യ സജിതയാണെന്ന് ധരിച്ചാണ് 2019ല്‍ അവരെ വകവരുത്തിയത്.

Tags