എൻഡിആർഎഫ് സേവനം ഇതുവരെ ലഭിച്ചത് 160 ശബരിമല തീർഥാടകർക്ക്
ശബരിമല :മണ്ഡലകാലം തുടങ്ങിയ നവംബർ 15 മുതൽ ശബരിമലയിൽ ക്യാമ്പ് ചെയ്യുന്ന 41-അംഗ നാഷണൽ ഡിസാസ്റ്റർ റസ്പോൺസ് ഫോഴ്സിന്റെ (എൻഡിആർഎഫ്) സേവനം ഇതുവരെ ലഭിച്ചത് 160 തീർത്ഥാടകർക്ക്. ചെന്നൈ ആരക്കോണത്തുള്ള എൻഡിആർഎഫ് നാലാം ബറ്റാലിയനിലെ 4 ഓഫീസർമാരും 37 അംഗങ്ങളുമാണ് സന്നിധാനത്തും നടപ്പന്തലിലും പമ്പയിലും നീലിമല ടോപ്പിലുമായി സേവനം അനുഷ്ഠിക്കുന്നത്.
അപകടം സംഭവിക്കുകയും അസുഖം ബാധിക്കുകയും മറ്റും ചെയ്യുന്ന തീർത്ഥാടകരെ ഉടൻ സ്ട്രെച്ചറിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പായി പ്രാഥമിക വൈദ്യശുശ്രൂഷയും കൃത്രിമ ശ്വാസോച്ഛ്വാസവും നൽകി ജീവൻ രക്ഷപ്പെടും എന്ന് സംഘം ഉറപ്പാക്കുന്നു. ഡെപ്യൂട്ടി കമാൻഡന്റ് കെ കപിൽ, ഇൻസ്പെക്ടർ ജി ഗോപിനാഥ്, സബ് ഇൻസ്പെക്ടർ അരുൺ നെഹ്റ, എഎസ്ഐ എസ് അനീഷ് എന്നിവരാണ് സംഘത്തിലെ ഓഫീസർമാർ.
വെള്ളയും ഓറഞ്ചും നിറത്തിലുള്ള ടീഷർട്ടും തൊപ്പിയും ധരിച്ച് സദാ സേവനസന്നദ്ധമായിരിക്കുന്ന എൻഡിആർഎഫ് സംഘം പുൽമേട് വഴി വരുമ്പോൾ അപകടത്തിൽപ്പെട്ട തീർത്ഥാടകനെ 4.5 കിലോമീറ്റർ സ്ട്രച്ചറിൽ എടുത്തു ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ആവശ്യം വന്നാൽ കൺട്രോൾ റൂമിൽ നിന്നാണ് എൻഡിആർഎഫിന് വിളി വരിക. ഉടൻ സംഭവസ്ഥലത്ത് കുതിച്ചെത്തും. നാലു സ്ട്രച്ചറുകളാണ്
സംഘത്തിന്റെ പക്കലുള്ളത്.
അപസ്മാരം, നെഞ്ചുവേദന, കുറഞ്ഞ രക്തസമ്മർദം, പരിക്കുകൾ എന്നീ കേസുകളാണ് തങ്ങളുടെ മുന്നിൽ കൂടുതലായും വരുന്നതെന്ന്
ഇൻസ്‌പെക്ടർ ജി ഗോപിനാഥ് പറഞ്ഞു. ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ശബരിമലയിൽ ലഭ്യമാണെന്ന് സംഘത്തിലെ മലയാളി എഎസ്ഐ അനീഷ് എസ് പറഞ്ഞു. "കുടിവെള്ളം ലഭിക്കുന്ന കൂടുതൽ പോയിന്റുകൾ,മികച്ച റോഡ്, വിശ്രമിക്കാൻ നിരവധി ബെഞ്ചുകൾ
എന്നിവ ഇത്തവണ ലഭ്യമാണ്. തീർത്ഥാടകർ വർധിച്ചിട്ടും സുഗമ ദർശനം സാധ്യമാക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ നേട്ടം," തിരുവനന്തപുരം സ്വദേശിയായ അനീഷ് കൂട്ടിച്ചേർത്തു.