ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹതയേറുന്നു..

Mysterious incident of two-year-old girl found dead in a well in Balaramapuram
Mysterious incident of two-year-old girl found dead in a well in Balaramapuram

തിരുവനന്തരപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. നിലവിൽ കുഞ്ഞിന്റെ അമ്മയെയും അച്ഛനേയും അമ്മാവനേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കുടുംബത്തിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

വീട്ടിൽ കൂട്ട ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. വീട്ടിൽ കയറുകൾ കുരുക്കിയ നിലയിൽ കണ്ടെത്തിയത് ആത്മഹത്യാ ശ്രമത്തിന്റെ സൂചനയെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പൊലീസ് കൂട്ട ആത്മഹത്യ നീക്കത്തിൻ്റെ സാധ്യത തള്ളിയിരിക്കുന്നത്.

ബാലരാമപുരം കോട്ടുകാൽകോണം ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവനന്ദയെയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

അതേസമയം പൊലീസ് മരണത്തിന് പിന്നിലെ മറ്റ് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചുതുടങ്ങിയിട്ടുണ്ട്. കുഞ്ഞിൻ്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുഞ്ഞിൻ്റെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ശ്രീജിത്ത് വീട്ടിലെത്തിയത് അമ്മ ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു. 

ശ്രീജിത്തിനെ സംശയമെന്ന് ശ്രീതുവിന്റെ മാതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ പെൺകുട്ടിയുടെ അമ്മാവൻ്റെ മുറിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ മണ്ണെണ്ണ കണ്ടെത്തിയിരുന്നു. തൻ്റെ സഹോദരനൊപ്പമായിരുന്നു മകളെന്നും അഞ്ചിനും അഞ്ചരയ്ക്കുമിടയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടുവെന്നും കുട്ടിയുടെ അമ്മ പൊലീസിനെ അറിയിച്ചതായാണ് വിവരം.