യാത്രക്കാരെയും തീവണ്ടികളെയും അനുഗ്രഹിക്കും ; മുത്തപ്പന് 'തറവാട്' തന്നെയാണ് ഈ റെയില്‍വേ സ്റ്റേഷൻ


പഴയങ്ങാടി റെയില്‍വേ സ്റ്റേഷനിലുമുണ്ട് മുത്തപ്പൻ .ഇവിടം മുത്തപ്പന് 'തറവാട്' തന്നെയാണ്.
പഴയങ്ങാടി: വടക്കൻ കേരളത്തിലെ ജനങ്ങൾ ഏറ്റവുമധികം ആരാധിക്കുന്ന ദൈവമാണ് മുത്തപ്പൻ .ജാതി മത ഭേതമന്യേ ഇവർക്കുംഅനുഗ്രഹം ചൊരിയുന്ന ദൈവമെന്നതാണ് മുത്തപ്പനെ ജനങ്ങൾക്ക് പിയങ്കരനാക്കുന്നത് . പറശ്ശിനിക്കടവും കുന്നത്തൂരും പുരളിമലയുമെല്ലാം മുത്തപ്പന്റെ ആരാധന കേന്ദ്രങ്ങളാണ് .എന്നാൽ ഇവ കൂടാതെ മുത്തപ്പനെ ആരാധിക്കുന്ന ചില സ്ഥലങ്ങൾ കൂടിയുണ്ട് വടക്കൻ കേരളത്തിൽ .
ഉത്തര കേരളത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കടുത്തെല്ലാം യാത്രക്കാരെ അനുഗ്രഹിച്ച് മുത്തപ്പനുണ്ട്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനിലുമുണ്ട് മുത്തപ്പൻ .ഇവിടം മുത്തപ്പന് 'തറവാട്' തന്നെയാണ്. വര്‍ഷങ്ങളായി മുടങ്ങാതെ സ്റ്റേഷനിലെത്തി ജീവനക്കാരെയും യാത്രക്കാരെയും തീവണ്ടികളെയും മുത്തപ്പന്‍ അനുഗ്രഹിക്കും. ഇത്തവണയും മുടങ്ങാതെ മുത്തപ്പനും തിരുവപ്പനും സ്റ്റേഷനിലും പ്ലാറ്റ്‌ഫോമിലെത്തി.
മുത്തപ്പന്‍ കെട്ടിയാടുമ്പോള്‍ തറവാട്ടില്‍ കയറുന്ന ചടങ്ങ് പ്രധാനമാണ്. 25 വര്‍ഷം മുമ്പ് അന്നത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ തറവാട്ടില്‍ കയറണമെന്ന് നിര്‍ദേശിച്ചതോടെയാണ് സ്റ്റേഷനടുത്തുള്ള മുത്തപ്പന്‍ ക്ഷേത്രത്തില്‍ കെട്ടിയാടുന്ന മുത്തപ്പനും തിരുവപ്പനും സ്റ്റേഷനിലെത്തി അനുഗ്രഹിക്കാന്‍ തുടങ്ങിയത്. അരിയിട്ട് സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യും. സ്റ്റേഷനുകള്‍ക്കടുത്ത് മുത്തപ്പന്‍ ക്ഷേത്രങ്ങളും തെയ്യങ്ങളും മിക്കയിടത്തുമുണ്ടെങ്കിലും പഴയങ്ങാടിയിലല്ലാതെ മറ്റൊരിടത്തും സ്റ്റേഷനുള്ളിലേക്ക് കയറാറില്ല.

സ്റ്റേഷന്‍ സൂപ്രണ്ട് കെ.കെ.വി. ഹരിദാസന്‍, സ്റ്റേഷന്‍മാസ്റ്ററായ വി. ഷെല്‍ന, ആര്‍. ശരത്ത്, എ.വി. ജിതിന്‍രാജ്, ബുക്കിങ്ങ് ക്ലര്‍ക്ക് സി. ഷൈജേഷ്, സന്തോഷ് ബെന്‍സില്‍ എന്നിവര്‍ ചേര്‍ന്നാണ് ഞായറാഴ്ച മുത്തപ്പനെയും തിരുവപ്പനയെയും സ്റ്റേഷനില്‍ സ്വീകരിച്ചത്. യാത്രക്കാരും അനുഗ്രഹമേറ്റുവാങ്ങി.
1920-ല്‍ അന്നത്തെ പള്ളിക്കര റെയില്‍വേ സ്റ്റേഷനില്‍ (ഇപ്പോള്‍ ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷന്‍) മദിരാശിയില്‍ നിന്നെത്തിച്ച യന്ത്രസാമഗ്രികള്‍ ഉടമവരുന്നതിനുമുമ്പേ കാണാതായി. അന്ന് ഒരു ലക്ഷത്തോളം രൂപ വില വരുന്നതായിരുന്നുവത്രെ ഇത്. തിരിച്ചു കിട്ടിയാല്‍ മുത്തപ്പനെ കെട്ടിയാടിക്കാമെന്ന് സ്റ്റേഷന്‍മാസ്റ്റര്‍ പ്രാര്‍ഥിച്ചുവെന്നും പിറ്റേന്ന് കടലോരത്തുവെച്ച് സാധനം കണ്ടെത്തിയെന്നുമാണ് കഥ.
മദിരാശിയിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം കൈമാറിയതോടെ മുത്തപ്പനെ കെട്ടിയാടിക്കാന്‍ അനുവാദം ലഭിച്ചു. തനിക്ക് ആരൂഢം നിര്‍മിക്കണമെന്ന് കോലം മുഖേന മുത്തപ്പന്‍ പറഞ്ഞപ്പോള്‍ അതിനും അനുവാദമായി. ഷൊര്‍ണൂര്‍ മുതല്‍ മംഗളൂരു വരെയുള്ള പല സ്റ്റേഷനുകള്‍ക്കു സമീപവും റെയില്‍വേ മുത്തപ്പന്‍ മഠപ്പുരകള്‍ സ്ഥാപിച്ച് മുത്തപ്പനും തിരുവപ്പനയും കെട്ടിയാടാന്‍ തുടങ്ങി. സമാനമായ കഥകള്‍ മറ്റു റെയില്‍വേസ്റ്റേഷനുകളുമായി ബന്ധപ്പെട്ടുമുണ്ടെങ്കിലും റെയില്വേ ഉദ്യോഗസ്ഥരുടെ പ്രാര്ഥന നിറവേറ്റിയതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷ് ഭരണകാലത്തു തന്നെ മുത്തപ്പന് ക്ഷേത്രങ്ങള് തുടങ്ങിയത്. 1965 -ലാണ് പഴയങ്ങാടി റെയില്‍വേ മുത്തപ്പന്‍ക്ഷേത്രം പണിതത്.