സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തുകൃഷ്ണൻ പറ്റിച്ചത് മുണ്ടക്കൈ ഉരുൾ ദുരിത ബാധിതരെയും


വയനാട്: സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരും കബളിപ്പിക്കപ്പെട്ടു. പകുതി വിലയിൽ സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി. പണമടച്ച നൂറുകണക്കിന് സ്ത്രീകൾക്ക് സ്കൂട്ടർ ലഭിച്ചില്ല. വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി പറഞ്ഞു.
തട്ടിപ്പിനെ തുടർന്ന് കോടികളുടെ ഭൂസ്വത്താണ് അനന്തു കൃഷണൻ വാങ്ങിക്കൂട്ടിയത്. ഇടുക്കിയിൽ അനന്തുവിൻ്റെ വീടിന് സമീപത്തും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. എൻജിഒകൾ രൂപീകരിച്ച് ജനപ്രതിനിധികളെയടക്കം ഉൾപ്പെടുത്തി വിശ്വാസ്യത സൃഷ്‌ടിച്ച ശേഷമായിരുന്നു തട്ടിപ്പ്.
എൻജിഒ കോൺഫെഡറേഷൻ്റെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ് ടോപ്പും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പ്. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ പിരിച്ചതായാണ് വിവരം. തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനിൽക്കെയാണ് വിവിധയിടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്.

തൊടുപുഴ കുടയത്തൂരിൽ അനന്തുവിന്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലും ശങ്കരപ്പള്ളിയിലും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. സെൻ്റിന് ഒന്നര ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് വാങ്ങിയതെന്നാണ് വിവരം. സത്യസായി ട്രസ് റ്റിന്റെ പേരിലടക്കം ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്.
മുട്ടം ശങ്കരപള്ളിക്ക് സമീപം 17.5 സെന്റ്,ഏഴാംമൈലിൽ 12 സെന്റ് മേലുകാവിൽ പലയിടങ്ങളിലായി 20 മുതൽ 70 സെന്റ് വരെയുള്ള സ്ഥലങ്ങളും ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങളും അനന്തു വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇടുക്കിയിലെ വിവിധ സ്റ്റേഷനുകളിലായി നിലവിൽ അഞ്ഞൂറോളം പരാതികൾ ലഭിച്ചതായാണ് വിവരം.