ഭരണഘടന മൂല്യങ്ങൾ തകർത്ത് മോദി ഭരണകൂടം രാജ്യത്തെ പിറകോട്ടടിപ്പിക്കുന്നു : കെ സുധാകരൻ എം പി

Modi administration is taking the country backwards by destroying constitutional values: K Sudhakaran MP
Modi administration is taking the country backwards by destroying constitutional values: K Sudhakaran MP

കണ്ണൂർ : ഭരണഘടന മൂല്യങ്ങൾ തകർത്ത് മോദി ഭരണകൂടം രാജ്യത്തെ പിറകോട്ടടിപ്പിക്കുന്നുവെന്ന് കെ സുധാകരൻ എം പി. 76-ാം റിപ്പബ്ലിക് ദിനത്തിൽ  എഐസിസി ആഹ്വാന പ്രകാരം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ജയ് ബാപ്പു, ജയ് ഭീം,ജയ് സംവിധാന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയ് ബാപ്പു, ജയ് ഭീം,ജയ് സംവിധാന്‍ സമ്മേളനം സംസ്ഥാന തല ഉദ്ഘാടമാണ് കണ്ണൂര്‍ ഡിസിസിയില്‍ നടന്നത്. രാവിലെ ഡിസിസി ഓഫീസിൽ പതാക ഉയർത്തി സേവാദൾ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു .

മഹാത്മാ ഗാന്ധിയുടെയും, ഡോ.ബി.ആര്‍.അംബേദ്ക്കറുടെയും, ഭരണഘടനയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് നമ്മുടെ ആഘോഷങ്ങള്‍. ഇവ മൂന്നും തമസ്‌കരിക്കാനും റാഞ്ചാനുമുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്ന പശ്ചാത്തലത്തിലാണ് നാം ഇവരെ ഉയര്‍ത്തിക്കാട്ടി ആഘോഷിക്കാന്‍ തീരുമാനിച്ചത്.

ബെലഗാവിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി  യോഗത്തിലാണ് കോണ്‍ഗ്രസ്  - 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍' എന്ന പുതിയ മുദ്രാവാക്യം സ്വീകരിച്ചത്.  വര്‍ദ്ധിച്ചുവരുന്ന ധ്രുവീകരണവും, സാമൂഹിക അസമത്വങ്ങളും, ജനാധിപത്യ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അടയാളപ്പെടുത്തിയിരിക്കുന്ന ഒരു കാലഘട്ടത്തില്‍, ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അഹിംസയുടെയും സാമൂഹിക നീതിയുടെയും ആദര്‍ശങ്ങളെ ഈ മുദ്രാവാക്യം ഉള്‍ക്കൊള്ളുന്നു.

Modi administration is taking the country backwards by destroying constitutional values: K Sudhakaran MP

കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രപരമായ അടിസ്ഥാനം  പുനരുജ്ജീവിപ്പിക്കാനും സമകാലിക വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു പുതിയ റോഡ് മാപ്പ് അവതരിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.  ഗാന്ധിജിയുടെയും അംബേദ്കറുടെയും പൈതൃകങ്ങള്‍ വിന്യസിച്ചുകൊണ്ട്, ഇന്ത്യയുടെ ജനാധിപത്യ, ബഹുസ്വര, സര്‍വാശ്ലേഷിയായ പ്രവാഹമാകാന്‍ ഇതിലൂടെ ശ്രമിക്കുന്നു.  ജാതി അസമത്വം, വര്‍ഗീയ വിഭജനം, ജനാധിപത്യ ശോഷണം എന്നിവയുടെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണിത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രധാന ശില്പിയായ കോണ്‍ഗ്രസ് പുതിയ ദര്‍ശനങ്ങളിലൂടെ ജനങ്ങളിലേക്ക് കൂടുതലായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്.  മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ഈ മുദ്രാവാക്യം ശ്രമിക്കുന്നു, ഡോ. ബി.ആര്‍. അംബേദ്കറും (ഭീം) ഇന്ത്യന്‍ ഭരണഘടനയും (സംവിധാന്‍) തകര്‍ന്ന ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രകാശമായി നമ്മുടെ മുന്നിലുണ്ട്.  

ജാതിയുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ഭീഷണികള്‍ നേരിടുന്ന  സമയത്ത്, രാജ്യത്തിന്റെ സാമൂഹിക ഘടനയും സാമുദായിക ഐക്യവും, ആദര്‍ശങ്ങളും പുനരാവിഷ്‌കരിക്കേണ്ടതുണ്ട്.  'സുവര്‍ണ ഇന്ത്യ പൈതൃകവും  വളര്‍ച്ചയും' എന്നതാണ് കേന്ദ്രസര്‍ക്കാര്‍ 76-ാം റിപ്പബ്ലിക് ദിനത്തിന്റെ തീം ആയി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ആരാണ് സുവര്‍ണ ഇന്ത്യയുടെ യഥാര്‍ത്ഥ നിര്‍മാതാക്കാള്‍? ആര്‍ക്കാണ്  പ്രോജ്ജലമായ ഇന്ത്യയുടെ പൈതൃകം അവകാശപ്പെടാവുന്നത്.

തീര്‍ച്ചയായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണ്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ് ഗവണ്മെന്റുകളുടെയും യുപിഎ ഗവണ്‍മെന്റുകളുടെയും സ്തുത്യര്‍ഹമായ പങ്കുണ്ട്. ജവഹര്‍ ലാല്‍ നെഹ്രു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള പ്രഗത്ഭരാണ് ഇന്ത്യയെ നയിച്ചത്. അവരുടെ ക്രാന്തദര്‍ശിത്വമാണ് ഇന്ത്യയെ വന്‍പുരോഗതിയിലേക്കു നയിച്ചത്.

കോണ്‍ഗ്രസ് സ്വാതന്ത്ര്യം നേടി നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചു ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയ്ക്കു രൂപം നല്കി. ബാങ്കുകള്‍ ദേശസാത്കരിച്ചു വന്‍കിട ഡാമുകളും പാലങ്ങളും നിര്‍മിച്ചു
ഹരിത വിപ്ലവം, ക്ഷീര വിപ്ലവം കംപ്യൂട്ടര്‍ വിപ്ലവം, ടെലികോ വിപ്ലവം എന്നിവ നടപ്പാക്കി.

വിവരാവകാശ നിയമം, തൊഴിലുറപ്പ് നിയമം, പഞ്ചായത്ത് രാജ് തുടങ്ങിയ നിയമങ്ങള്‍ കൊണ്ടുവന്നു. ആണവപരീക്ഷണം, യുദ്ധങ്ങളില്‍ വിജയം എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും വിദ്യാഭ്യാസം
ഐഐടികള്‍, ഐഐഎമ്മുകള്‍ ഐഎസ് ആര്‍ ഒ ബഹിരാകാശ വിപ്ലവം 1947ല്‍ പ്രതിശീര്‍ഷ വരുമാനം വെറും 250 രൂപയായിരുന്നതാണ് 2014ല്‍ 75,000 രൂപയായി.  സാക്ഷരത വെറും 12 ശതമാനം ആയിരുന്നത് 75 ശതമാനമായി. ആയുര്‍ദൈര്‍ഘ്യം 32 വയസായിരുന്നത് 2014ല്‍ 66ല്‍ എത്തി.  ഇതാണ് കോണ്‍ഗ്രസ് ഭരണത്തിന്റെ ബാക്കി പത്രം. 2014 വരെയുള്ള സുവര്‍ണ കാലഘട്ടത്തില്‍ നിന്നു ഇന്ത്യ കുത്തനേ താഴെക്കു പോരുകയാണു ചെയ്തത്.

എന്താണ് ബിജെപി സര്‍ക്കാരിന്റെ ബാക്കിപത്രം? ഭൂലോക മണ്ടത്തരമായ നോട്ടു നിരോധനം ഇരുനൂറു ദിവസത്തിലധികം നീണ്ട കര്‍ഷക സമരം; കര്‍ഷക ആത്മഹത്യകള്‍ പൗരത്വ നിയമത്തിലൂടെ ന്യൂനപക്ഷത്തെ പുറത്താക്കാന്‍ ശ്രമം മണിപ്പൂര്‍ കത്തിയെരിഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ല. കാഷ്മീറിന്റെ വിഭജനം; വര്‍ധിത ഭീകരാക്രമണം താറുമാറായ സാമ്പത്തിക രംഗം, വിലക്കയറ്റം തൊഴിലില്ലായ്മ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ യുഎപിഎ പോലുള്ള ഭീകര നിയമങ്ങള്‍ റഫാല്‍, അദാനി അഴിമതികള്‍. സിബിഐ, ഇഡി, ഇന്‍കംടാക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഏറാന്‍മൂളികളായി വിഭാഗീയതയും വര്‍ഗീയതയും ആളിക്കത്തിച്ചു വര്‍ഗീയവത്കരിക്കപ്പെട്ട സ്ഥാപനങ്ങള്‍.

പത്തുവര്‍ഷം ഭരിച്ച മോദിക്കോ ബിജെപിക്കോ അഭിമാനിക്കാന്‍ ഒന്നുമില്ല. നമ്മള്‍ ഉണ്ടാക്കിയ ഭദ്രമായ അടിത്തറിയില്‍ ചില ഏച്ചുകെട്ടലുകള്‍ നടത്തി എന്നതു മാത്രമാണ് അവര്‍ക്ക് അവകാശപ്പെടാനുള്ളത്. നാം നിര്‍മിച്ചപ്പോള്‍ അവര്‍ നശിപ്പിച്ചു. നാം ആളുകളെ കൂട്ടിയോജിപ്പിച്ചപ്പോള്‍ അവര്‍ അകറ്റി. നാം വളര്‍ത്തിയപ്പോള്‍ അവര്‍ തളര്‍ത്തി. നാം മുന്നേറിയപ്പോള്‍ അവര്‍ പിറകോട്ടടിച്ചു. നാം സ്‌നേഹത്തിന്റെ കടകള്‍ തുറന്നപ്പോള്‍ അവര്‍ വെറുപ്പിന്റെ കമ്പോളങ്ങള്‍ സൃഷ്ടിച്ചു.

കോണ്‍ഗ്രസ് സൃഷ്ടിച്ച ഇന്ത്യയാണ്. കോണ്‍ഗ്രസിലൂടെ മാത്രമേ ഇന്ത്യയ്ക്ക് മുന്നേറാനാകൂ. ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു .കണ്ണൂർ സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ.ബാലചന്ദ്രൻ കീഴോത്ത് പ്രഭാഷണം നടത്തി.

നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ ,വി വി പുരുഷോത്തമൻ ,ഡോ .ഷമ മുഹമ്മദ് ,അഡ്വ. ടി ഒ മോഹനൻ ,സുരേഷ് ബാബു എളയാവൂർ , എം പി  ഉണ്ണിക്കൃഷ്ണൻ ,റിജിൽ മാക്കുറ്റി ,അമൃത രാമകൃഷ്ണൻ ,വി പി അബ്ദുൽ റഷീദ് ,പി മുഹമ്മദ് ഷമ്മാസ് ,,അഡ്വ .റഷീദ് കവ്വായി ,ശ്രീജ മഠത്തിൽ,മധു എരമം ,  ,ടി ജയകൃഷ്‌ണൻ ,എം കെ മോഹനൻ ,പി ഇന്ദിര ,സി ടി ഗിരിജ ,ബിജു ഉമ്മർ ,രജിത്ത് നാറാത്ത് , കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ് ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,സി എം ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.

Tags