വന്ദേ ഭാരത് ട്രെയിനുകളില്‍ മികച്ച ഭക്ഷണം ഉറപ്പുവരുത്തുമെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ ഉറപ്പ് ലഭിച്ചു ; കൊടിക്കുന്നില്‍ സുരേഷ് എംപി


ഭക്ഷണ വിതരണത്തിനായി കേരളത്തില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകളെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും കൊടിക്കുന്നില്‍ അറിയിച്ചു.
വന്ദേ ഭാരത് ട്രെയിനുകളില്‍ മികച്ച ഭക്ഷണം ഉറപ്പുവരുത്തുമെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ ഉറപ്പ് ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തിലോടുന്ന വന്ദേഭാരതിലെ ഭക്ഷണം സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് ഇടപെടല്‍ തേടി റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും എംപി കത്ത് നല്‍കിയിരുന്നു.
ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ചുള്ള വിഷയം അടിയന്തിരമായി പരിഹരിക്കുമെന്നാണ് ഉറപ്പ് നല്‍കിയത്. ഭക്ഷണ വിതരണത്തിനായി കേരളത്തില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകളെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും കൊടിക്കുന്നില്‍ അറിയിച്ചു.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ പഴകിയ ഭക്ഷണം കടവന്ത്രയിലെ ഹോട്ടലില്‍ നിന്നും പിടികൂടുകയും ഹോട്ടലില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. 'ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍' എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനത്തില്‍ നിന്നായിരുന്നു പിഴ ഈടാക്കിയത്.

വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപി റെയില്‍വേ മന്ത്രിക്ക് കത്തയച്ചത്. യാത്രക്കാര്‍ നല്‍കുന്ന പണത്തിന് കൃത്യമായ തരത്തിലുള്ള സേവനം നല്‍കുന്നതിന് റെയില്‍വേയും റെയില്‍വേ ചുമതലപ്പെടുത്തിയ കരാറുകാരും ബാധ്യസ്ഥരാണെന്ന് എംപി പ്രതികരിച്ചിരുന്നു.