ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം :മന്ത്രി വി.എൻ. വാസവൻ

vn vasavan
vn vasavan

കോട്ടയം: ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന 76-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് പല രൂപത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകാനുള്ള തെറ്റായ രീതികൾ നടക്കുന്നുണ്ട്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറേപ്പോലും അപമാനിക്കുന്നത് വേദനാജനകമാണ്. എല്ലാവർക്കും പാർപ്പിടവും ജോലിയും ദാഹജലവും പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കിയുള്ള രാജ്യമാണ് ഭരണഘടനാ ശിൽപികൾ സ്വപ്നം കണ്ടത്. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന വികാരം ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയണം. ദേശീയ ഐക്യം സംരക്ഷിച്ചു കൊണ്ടു മാത്രമേ നമുക്ക് മുന്നോട്ടു പോകാനാകൂ. മതനിരപേക്ഷ ജനാധിപത്യ രാജ്യമെന്ന സങ്കൽപ്പം അർത്ഥപൂർണമാക്കാൻ നമുക്ക് കഴിയണം.

സാമ്പത്തികമായ അസമത്വം ഇല്ലാതാക്കാനും കാർഷിക, വ്യാവസായിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാനും കഴിയണം.പല പരിമിതികളും രാജ്യത്ത് നിലനിൽക്കുമ്പോഴും കേരളത്തിന്റെ കാര്യം വ്യത്യസ്തമാണ്. കേരളം വിവിധ മേഖലകളിൽ കൈവരിച്ചത് മഹത്തായ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കളക്ടർ ഡി. രഞ്ജിത്ത്, നഗരസഭാംഗങ്ങളായ മോളിക്കുട്ടി സെബാസ്റ്റ്യൻ, റീബാ വർക്കി, അഡീഷണൽ എസ്പി. വിനോദ് പിള്ള എന്നിവർ പങ്കെടുത്തു.പരേഡിൽ 28 പ്ലാറ്റൂണുകൾ പങ്കെടുത്തു. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകൾ, എൻ.സി.സി. സീനിയർ, ജൂനിയർ ഡിവിഷനുകളിലായി ഏഴു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അഞ്ചു പ്ലാറ്റൂണുകൾ, സ്‌കൗട്ട്, ഗൈഡ്‌സ് വിഭാഗത്തിൽനിന്ന് നാലു പ്ലാറ്റൂണുകൾ, ജൂനിയർ റെഡ്‌ക്രോസ് വിഭാഗത്തിൽ രണ്ടു പ്ലാറ്റൂണുകൾ, എന്നിവയ്‌ക്കൊപ്പം മൂന്നു ബാൻഡ് പ്ലാറ്റൂണുകളും അണിനിരന്നു.

യൂണിഫോം സേനകളുടെ പരോഡിൽ കോട്ടയം എക്സൈസ് ഡിവിഷൻ ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. ഷാഫി അരവിന്ദാക്ഷൻ നയിച്ച എക്സൈസ് പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. കെ.എസ്. ഷാഫി അരവിന്ദാക്ഷൻ ആണ് പരേഡിലെ മികച്ച കമാൻഡറും. ജില്ലാ പോലീസ് ആസ്ഥാനത്തെ (ഡി.എച്ച്.ക്യൂ) റിസർവ് സബ് ഇൻസ്പെക്ടർ എസ്. എം. സുനിൽ നയിച്ച ഡി.എച്ച്.ക്യൂ പ്ലാറ്റൂണാണ് രണ്ടാം സ്ഥാനം. എൻ.സി.സി. സീനിയർ ആർമി വിഭാഗത്തിൽ കോട്ടയം,എം.ഡി. എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കോട്ടയം സി.എം.എസ്. കോളജ് രണ്ടാം സ്ഥാനവും നേടി. എൻ.സി.സി. ജൂനിയർ വിഭാഗത്തിൽ വടവാതൂർ ജവഹർ നവോദയ പെൺകുട്ടികൾ ഒന്നാം സ്ഥാനവും വടവാതൂർ ജവഹർ നവോദയ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്. ഒന്നാം സ്ഥാനവും കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്. രണ്ടാം സ്ഥാനവും നേടി.

സ്‌കൗട്ട്സ് വിഭാഗത്തിൽ കുടമാളൂർ സെന്റ് മേരീസ് യു.പി. സ്‌കൂൾ ഒന്നും പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂൾ രണ്ടും സ്ഥാനം നേടി. ഗൈഡ്സ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ് ഒന്നും കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്. രണ്ടും സ്ഥാനം നേടി. ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിൽ കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ് ഒന്നും കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്. രണ്ടും സ്ഥാനം നേടി. ബാൻഡ് പ്ലാറ്റൂൺ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് ഒന്നും ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ എന്നിവർ രണ്ടും സ്ഥാനങ്ങൾ നേടി. ജേതാക്കൾക്കു മന്ത്രി വി.എൻ. വാസവൻ ട്രോഫികൾ വിതരണം ചെയ്തു. സ്തുത്യർഹ സേവനത്തിന് ജില്ലാ പോലീസ് ആസ്ഥാനത്തെ റിസർവ് സബ് ഇൻസ്‌പെക്ടർ കെ. അനീഷ്‌കുമാർ, വൈക്കം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ. അനിൽകുമാർ എന്നിവർക്കുള്ള ആദരവും ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.

Tags