റാന്നി മണ്ഡലത്തില്‍ ആരോഗ്യമേഖലയില്‍ ഉണ്ടായിട്ടുള്ളത് വലിയ മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

dfgh

റാന്നി മണ്ഡലത്തില്‍ ആരോഗ്യമേഖലയില്‍ ഈ കാലഘട്ടത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മക്കപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.57 കോടി രൂപ ചെലവഴിച്ച് 4677 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടമാണ് നിര്‍മിക്കുന്നത്.


ശബരിമല ഉള്‍കൊള്ളുന്ന റാന്നി മണ്ഡലത്തില്‍ മണ്ഡലകാലത്ത് മാത്രമല്ല എല്ലാ മാസവും നടതുറക്കുമ്പോള്‍ നിരവധി തീര്‍ഥാടകര്‍ എത്തുന്നുണ്ട്. നിലക്കലില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഇന്‍ന്റഗ്രറ്റഡ് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനവം ഉടന്‍ ആരംഭിക്കും. റാന്നിയിലെ ആദിവാസി മേഖലയിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും അവരുടെ അമ്മമാര്‍ക്കും പ്രസവത്തോട് അടുക്കുന്ന ദിവസം മുന്‍കൂട്ടി കണക്കാക്കി വന്ന് താമസിക്കാന്‍ സംവിധാനം കൂടി ഒരുക്കാന്‍ ആലോചിക്കുന്നുണ്ട്.

മാതൃ-ശിശു മരണനിരക്ക് ഏറ്റവും കുറവുള്ളതും ആയുര്‍ ദൈര്‍ഘ്യത്തില്‍ മുന്നിലുമാണ് നമ്മുടെ സംസ്ഥാനം.  എന്നാല്‍ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ഇനിയും മുന്നേറണം. പ്രമേഹം, രക്തസമര്‍ദം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവരുടെ എണ്ണം കൂടിവരുന്നു. ഇതിനെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട് . ഹൃദ്രോഗികള്‍ക്ക് ആധുനിക ചികിത്സ പ്രാപ്തമാക്കുന്നതിനായി കാത്ത് ലാബുകള്‍ സ്ഥാപിക്കുന്നു. ഇതിന്റെ രണ്ടാം ഘട്ടപ്രവര്‍ത്തനം നടക്കുകയാണ്.

 ബ്രസ്റ്റ് കാന്‍സര്‍ തുടക്കത്തിലെ കണ്ടുപിടിക്കുന്നതിനും സ്ത്രീകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ നടക്കുന്നു. റാന്നിയിലെ സമഗ്രമായ വികസനം ലക്ഷ്യം വെച്ച് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമാണ്. റാന്നിയിലെ നോളജ് വില്ലേജിന്റെ പ്രവര്‍ത്തനം സമാനകളില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  മുന്‍ എംഎല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എസ്. സുജ, അന്നമ്മ തോമസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചാക്കോ വളയനാട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ജി. ശ്രീകുമാര്‍, ജോയ്‌സി ചാക്കോ, സൗമ്യ ജി നായര്‍, റൂബി കോശി, ഷെനി പി മാത്യു, അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ്, ഷൈനി  രാജീവ്, ആരോഗ്യ കേരളം ജില്ലാ പ്ലോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags