രാജ്യത്തിൻ്റെ അഖണ്ഡത തകർക്കാൻ കഴിയില്ല: മന്ത്രി റോഷി അഗസ്റ്റിൻ

 The integrity of the country cannot be broken: Minister Roshi Augustine
 The integrity of the country cannot be broken: Minister Roshi Augustine


ഇടുക്കി : രാജ്യത്തിൻ്റെ അഖണ്ഡത തകർക്കാൻ വിധ്വംസക ശക്തികൾ എത്ര ശ്രമിച്ചാലും സാധിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി ഐ.ഡി.എ മൈതാനത്ത് രാജ്യത്തിൻറെ 76-ാംമത് റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടിയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ പലതും അരാജകാവസ്ഥയെയും സാമ്പത്തിക പ്രതിസന്ധിയേയും നേരിടുന്ന സ്ഥിതിയാണ് ചുറ്റിലും. മതരാഷ്ട്ര വാദങ്ങളോട് സന്ധിയില്ലാതെ ജനാധിപത്യത്തിനും മതേതരത്വത്തിനും മാതൃകയായി തുടരാൻ നമ്മുടെ രാജ്യത്തിന് കഴിഞ്ഞു. ആരുശ്രമിച്ചാലും നമ്മൾ പുലർത്തുന്ന മതേതര ജനാധിപത്യമൂല്യങ്ങൾ തകർക്കാൻ കഴിയില്ല. മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

രാജ്യത്തെ ഒടുവിലത്തെ വികസന സൂചികകൾ ഇന്ത്യയുടെ അഭൂതപൂർവ്വമായ വളർച്ചയെയാണ് കാണിക്കുന്നത്. നാട്ടിൽ ജനാധിപത്യവും മതേതരത്വവും അതിൻ്റെ കരുത്തോടും സൗന്ദര്യത്തോടും നിലനിൽക്കുന്നു. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ മതേതര ജനാധിപത്യബോധം നാടിനഭിമാനിക്കാൻ വക നൽകുന്നുണ്ട്. എല്ലാ സന്ദേഹങ്ങൾക്കുമപ്പുറം ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും സചേതനവുമായ ജനാധിപത്യ രാഷ്ട്രമായി ഇന്നും നിലനിൽക്കുന്നു. ഇതിനെ മാറ്റി മറിക്കാനുള്ള ശ്രമങ്ങളെ നാം ജാഗ്രതയോടെ നേരിടണം. മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നമ്മുടെ സംസ്ഥാനം വലിയ പങ്കാണ് വഹിക്കുന്നത്. രാജ്യത്തെ സകലവികസന സൂചികകളിലും കേരളത്തിന്റെ സ്ഥാനം ഒന്നാമതാണെന്നത് ഏതൊരു മലയാളിയെയും സന്തോഷിപ്പിക്കുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ടൂറിസം രംഗങ്ങളിലെല്ലാം ഇടുക്കി ജില്ല സമീപകാലത്ത് വലിയ കുതിപ്പാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. 

ഇടുക്കി ഐ ഡി എ മൈതാനത്താണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നത്. മുഖ്യാതിഥിയായ മന്ത്രി റോഷി അഗസ്റ്റിനെ ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, സബ് കലക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ്ബ് എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് പരേഡ് പരിശോധിച്ചു. ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറും പരേഡ് കമാന്ററുമായ പി ഡി അനൂപ് മോൻ്റെ നേതൃത്വത്തില്‍ ബാന്‍ഡ് സംഘം ഉള്‍പ്പെടെ 21 പ്ലറ്റുണുകളാണ് അണിനിരന്നത്. 

ആര്‍.എസ്.ഐ. കെ ജി ബിജു മോൻ നയിച്ച ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ഇടുക്കി, കട്ടപ്പന എസ്.ഐ സിബി തോമസ് നയിച്ച ലോക്കല്‍ പൊലീസ് (പുരുഷന്‍), എസ്.ഐ ആതിര പവിത്രൻ നയിച്ച ലോക്കല്‍ പൊലീസ്(വനിത), എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ എം.പി. പ്രമോദ് നയിച്ച എക്സൈസ്, ഡെപ്യൂട്ടി റേഞ്ച്
 ഫോറസ്റ്റ് ഓഫീസര്‍ അജയ് ഘോഷ് നയിച്ച ഫോറസ്റ്റ്, പി ജി അഭിലാഷ് മോൻ (സര്‍ക്കാര്‍ കോളേജ്, കട്ടപ്പന) , വിഷ്ണു രാജൻ നാടാർ (സെൻ്റ് ജോർജ് എച്ച് എസ് എസ് വാഴത്തോപ്പ്) എന്നിവർ നയിച്ച എന്‍സിസി സീനിയര്‍ ഡിവിഷന്‍, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ ജീവപ്രസാദ്, ലിയ സൂസൻ സാബു എന്നിവര്‍ നയിച്ച എന്‍സിസി ജൂനിയര്‍ ഡിവിഷന്‍, പൈനാവ് എം ആര്‍ എസിലെ സോന കെ ദാസ്, അലീന ജോസ്, എൻ എച്ച് എസ് എസ് നങ്കി സിറ്റിയിലെ ജെറിൻ ബൈജു , സെന്റ് ജോര്‍ജ് എച്ച് എസ് വാഴത്തോപ്പിലെ ഗോകുൽ എസ് നായർ, ഹലോണ ജതീഷ് എന്നിവര്‍ നയിച്ച സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകള്‍, ജവഹര്‍ നവോദയ വിദ്യാലയത്തിലെ അഭിനവ് കെ ജയരാജ്, പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ എസ് നിരഞ്ജൻ എന്നിവർ നയിച്ച സ്‌കൗട്ട്, ജവഹര്‍ നവോദയ വിദ്യാലയത്തിലെ ശിവാനി ഗിരീഷ്, പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ബിസ്മിധീ ഇബ്രാഹിം എന്നിവർ നയിച്ച സ്കൗട്ട് ഗൈഡ്സ് എന്നീ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ഇടുക്കി ജില്ലാ ആംമ്ഡ് റിസർവ്വിലെ ബെന്നി കെ മാമൻ,പൈനാവ് എംആര്‍എസിലെ ടി കെ സുപർണ, നങ്കിസിറ്റി എസ്. എന്‍.എച്ച്. എസ്. എസ് ലെ മീനാക്ഷി അഭിലാഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള ബാന്‍ഡ് ടീം പരേഡിന് താളമൊരുക്കി. കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഹെൽന ബെന്നി 
ദേശീയ ഗാനവും ജവഹര്‍ നവോദയ വിദ്യാലയത്തിലെ ജോസഫ് ജെയിംസ്, പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ മെഹ്റിൻ നാസർ എന്നിവർ ദേശഭക്തി ഗാനവും ആലപിച്ചു.പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്ലറ്റൂണുകള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി.

 ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ഇടുക്കി, എന്‍സിസി സീനിയർ ഡിവിഷൻ വിഭാഗത്തിൽ ഗവ. കോളേജ് കട്ടപ്പന,ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, സ്റ്റുഡന്റസ് പൊലീസ് ബോയ്സ് വിഭാഗത്തില്‍ എം ആർ എസ് പൈനാവ്, എൻ എച്ച് എസ് എസ് നങ്കി സിറ്റി, സ്കൗട്ട് വിഭാഗത്തിൽ ജവഹർ നവോദയ കുളമാവ്, ഗൈഡ്സ് വിഭാഗത്തിൽ എം ആർ എസ് പൈനാവ്, കേന്ദ്രീയ വിദ്യാലയ പൈനാവ്, ബാന്‍ഡ് വിഭാഗത്തില്‍ നങ്കിസിറ്റി എസ്. എന്‍. എച്ച്. എസ്. എസ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറണാംകുന്നേൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാപഞ്ചായത്തംഗം കെ.ജി സത്യന്‍, മറ്റ് ത്രിതല ജനപ്രതിനിധികൾ,രാഷ്ട്രീയ സാമൂഹിക നേതാക്കള്‍, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags