വിദ്യാർത്ഥികൾ നീതിക്കും നന്മക്കും വേണ്ടി നിലകൊള്ളണം :മന്ത്രി പി എ മുഹമ്മദ് റിയാസ്

muhammed riyaz
muhammed riyaz

കോഴിക്കോട് : വിദ്യാർത്ഥികൾ നീതിക്കു വേണ്ടി നിലകൊള്ളുകയും നന്മക്കായി ശബ്ദമുയർത്തുകയും ചെയ്യണമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എലത്തൂർ നിയോജക മണ്ഡലത്തിൽനിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന 'ടോപ്പേഴ്‌സ് മീറ്റ് 2025'  ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും അതിനെ മറികടക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പുരസ്‌കാര വിതരണവും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റം കൊണ്ടുവന്നെന്നും വിദ്യാർത്ഥികൾ ഇതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുന്നവരാവണമെന്നും വിവിധ മേഖലകളിൽ ഉന്നതിയിലെത്തിയവരുടെ ജീവിതം പ്രചോദനമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജോലി കിട്ടാനുള്ള പഠനത്തിൽനിന്ന് അറിവിന്റെ മേഖലകൾ എത്തിപ്പിടിക്കാൻ പ്രാപ്തമാക്കുന്ന സംവിധാനമായി വിദ്യാഭ്യാസം മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്നും മന്ത്രി ഉണർത്തി. മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട വിശിഷ്ടാതിഥിയായി. സമ്പൂർണ്ണ വിജയം നേടിയ വിദ്യാലയങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആദരിച്ചു. 

നിയോജക മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ കാക്കൂർ റീഗൽ അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം വിദ്യാഭ്യാസ സമിതി ചെയർമാൻ മാമ്പറ്റ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി പി നൗഷീർ, കെ പി ഷീബ, കെ ടി പ്രമീള, കൃഷ്ണവേണി മാണിക്കോത്ത്, എ സരിത, മറ്റു ജനപ്രതിനിധികൾ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ എം പി സജിത്ത് കുമാർ, കോർഡിനേറ്റർ എം വിനോദ് കുമാർ, മുക്കം മുഹമ്മദ്, കെ എം രാധാകൃഷ്ണൻ, കെ കെ പ്രദീപ് കുമാർ, പി പി ഹാഷിം, എ ടി റഫീഖ്, പി പി മുഹമ്മദലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

Tags