അതിഥിമന്ദിരങ്ങളിലൂടെ 20 കോടിയുടെ അധിക വരുമാനം:മന്ത്രി പി.എ മുഹമ്മദ് റിയാസ്

20 crore additional income through guesthouses: Minister PA Muhammad Riaz
20 crore additional income through guesthouses: Minister PA Muhammad Riaz


വയനാട് : സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയതോടെ മൂന്ന് വര്‍ഷത്തിനകം 20 കോടിയുടെ വരുമാനം ലഭിച്ചതായി ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്റിയാസ്. സുല്‍ത്താന്‍ ബത്തേരിയില്‍ നവീകരിച്ച ഗവ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ ഗസ്റ്റ്-റസ്റ്റ് ഹൗസുകളില്‍ താമസിച്ചത് മൂന്നുലക്ഷം ആളുകളാണ്. ജില്ലയിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വമുള്ള പ്രചാരണം ഉറപ്പാക്കണം.

സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം 2025 ഓടെ പൂര്‍ത്തീകരിക്കും. വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ള താമസം, ഭക്ഷണം ഗസ്റ്റ് ഹൗസുകളിലൂടെ ഉറപ്പാക്കും. രാജ്യത്തെ പ്രധാന  വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വയനാട്. മുണ്ടക്കൈ, ചൂരല്‍മല പ്രകൃതി ദുരന്തത്തിന് ശേഷം ജില്ലയിലെ ടൂറിസം മേഖല അതിജീവനത്തിലൂടെ മുന്നേറുകയാണ്. പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പുകള്‍ ജില്ലയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് ടൂറിസം മേഖലയിലെ സാധ്യതകളാണെന്നും മന്ത്രി വ്യക്തമാക്കി. നാല് സ്യൂട്ട് റൂം, നാല് ഗസ്റ്റ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ശുചിമുറി, അടുക്കള, മോഡുലര്‍ അടുക്കള, ഫര്‍ണിച്ചര്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍, മേല്‍ക്കൂര എന്നിവയുള്‍പ്പെടെ 4.3 കോടി ചെലവിലാണ് ഗസ്റ്റ് ഹൗസ് നവീകരിച്ചത്.

 അതിഥി മന്ദിരങ്ങളില്‍ എത്തുന്നവര്‍ക്ക് മികച്ച താമസ സൗകര്യം, ഭക്ഷണം, സൗഹൃദപരമായ അന്തരീക്ഷം എന്നിവ സൃഷ്ടിക്കാന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രദ്ധ പുലര്‍ത്തണമെന്ന് പരിപാടിയില്‍ അധ്യക്ഷനായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്,  ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ കെ.ജി അജീഷ്, ഡി. ഗിരീഷ് കുമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags