സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി കെട്ടിട നിര്‍മ്മാണ മേഖലക്കും ഉപയോഗപ്പെടുത്താം: മന്ത്രി പി. രാജീവ്

 Private industrial estate scheme can be used in construction sector too: Minister P. Rajiv
 Private industrial estate scheme can be used in construction sector too: Minister P. Rajiv

തിരുവനന്തപുരം: നിക്ഷേപത്തിനു തയ്യാറായി കേരളത്തിലേക്കെത്തുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയ്ക്ക് പുറമെ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി മുഖേനെ ഭൂമി സംരംഭത്തിനായി ഉപയോഗിക്കാനാകും. ഇതിനായുള്ള നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണമെന്നും വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

സംസ്ഥാന വ്യവസായ വകുപ്പ് ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെട്ടിട നിര്‍മ്മാണ വ്യവസായമേഖലയിലെ പ്രമുഖ നിക്ഷേപകര്‍ക്കായി സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇതിനുള്ള നടപടിക്രമങ്ങള്‍ ഏകീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ പുതിയ വ്യവസായ നയത്തില്‍ കണ്ടെത്തിയിട്ടുള്ള 22 മുന്‍ഗണനാ മേഖലകളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച സംഘടിപ്പിച്ചത്. കെട്ടിടനിര്‍മ്മാണ മേഖലയിലെ നിക്ഷേപകരുടെയും സംരംഭകരുടെയും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മന്ത്രി ആരാഞ്ഞു.

സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഭൂമി കൈവശമുള്ള സംരംഭകര്‍ സര്‍ക്കാരിനെ സമീപിച്ചാല്‍ ഇത്തരം സ്ഥലങ്ങളെ വ്യവസായമേഖലയായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പിന്‍റെ പുതിയ പദ്ധതികളേയും നേട്ടങ്ങളേയും കുറിച്ച് സംരംഭകര്‍ ബോധവാന്‍മാരാകണം. കെട്ടിടനിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് വ്യവസായവളര്‍ച്ചയ്ക്കാവശ്യമായ വിവിധ നിയമഭേദഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. വിവിധ അനുമതികള്‍ക്കായുള്ള നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ഇത് സഹായകമാണ്.

കെട്ടിടങ്ങളിലെ ഫയര്‍ മാനേജുമെന്‍റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടികളിലൂടെ പരിഹാരം കാണും. സംസ്ഥാനത്തെ വ്യാവസായിക പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ജിയോളജി ഹാന്‍ഡ്ബുക്ക് തയ്യാറാക്കിയതിനൊപ്പം റോഡ് സര്‍വേയും പൂര്‍ത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ നിയമിക്കുകയും പരിശീലനം ലഭ്യമാക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകര്‍ കേരളത്തിലെ വ്യവസായ മേഖലയുടെ അംബാസഡര്‍മാരായി മാറണം. സംസ്ഥാന സര്‍ക്കാരിന്‍റെ സംരംഭക വര്‍ഷം പദ്ധതിക്ക് അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം ഈയടുത്ത് ലഭിച്ചത് അഭിമാനകരമാണ്. ആരോഗ്യ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ലോകോത്തര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന അഞ്ച് കമ്പനികളില്‍ നാലെണ്ണവും കേരളത്തിലാണുള്ളത്. ബിസിനസുകളില്‍ വൈവിധ്യവത്ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വ്യവസായത്തിനുള്ള ലൈസന്‍സ് ഓണ്‍ലൈന്‍ സംവിധാനമായ കെ-സ്വിഫ്റ്റ് വഴി വളരെ എളുപ്പത്തില്‍ ലഭ്യമാകും. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെ-സ്മാര്‍ട്ട് നടപ്പിലാക്കിയതോടെ വലിയമാറ്റം കൊണ്ടുവരാനായി. കേരളത്തിലെ വ്യവസായ നിക്ഷേപ സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിന് നിക്ഷേപക സമൂഹത്തിന്‍റെയും വ്യവസായ പ്രമുഖരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണം.

സമരങ്ങള്‍ ഏറ്റവുമധികം ഉണ്ടാകുന്നത് കേരളത്തിലാണെന്ന പൊതുധാരണ നിലനില്ക്കുന്നുണ്ടെങ്കിലും അത് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. കേന്ദ്ര ലേബര്‍കമ്മീഷന്‍റെ റിപ്പോര്‍ട്ട് ഈ വസ്തുത സാധൂകരിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷം (2025) ഫെബ്രുവരി 21, 22 തിയതികളില്‍ കൊച്ചി ഗ്രാന്‍റ് ഹയാത്തില്‍ വച്ചാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ബംഗളുരു, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ റോഡ് ഷോ, നിക്ഷേപകര്‍ക്കായി പ്രത്യേക കോണ്‍ക്ലേവ് തുടങ്ങിയവയും നടത്തുന്നുണ്ട്.
 
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി, വ്യവസായ വകുപ്പ് ഒ.എസ്.ഡി. ആനി ജൂല തോമസ്, സ്പെഷ്യല്‍ ഓഫീസര്‍ പി വിഷ്ണു രാജ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ് എന്നിവര്‍ സമീപം.

Tags