തൊഴില്‍ പരിശീലനത്തിനും നൈപുണ്യ പരിശീലനത്തിനും സര്‍ക്കാര്‍ നല്‍കുന്നത് മുന്തിയ പരിഗണനൽ : മന്ത്രി എം ബി രാജേഷ്


പാലക്കാട് : പുതിയ കാലത്തിന് അനുസൃതമായുള്ള തൊഴില്‍ പരിശീലനത്തിനും നൈപുണ്യ പരിശീലനത്തിനും വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നൈപുണ്യ വികസനത്തിലൂടെ മാത്രമേ പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പുതുതായി ആരംഭിച്ച നാഗലശ്ശേരി ഗവ. ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലിന്റെ ഫലമായി കേരളത്തിന്റെ മുഖഛായ തന്നെ മാറ്റാനുതകുന്ന വന്‍കിട പദ്ധതികളാണ് ആരംഭിക്കുന്നത്. ഇവിടങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇത് ഉപയോഗപ്പെടുത്താന്‍ നൈപുണ്യമുള്ള തൊഴില്‍ ശക്തി ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഈ ദീര്‍ഘവീക്ഷണത്തോടെയുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഫലമായാണ് ആധുനിക കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി പുതിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പതിയ കാലഘട്ടത്തിന്റെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന കോഴ്‌സുകളാണ് നാഗലശ്ശേരി ഐ.ടി.ഐയില്‍ ആരംഭിക്കുന്നത്. നാഗലശ്ശേരി ഐ.ടി.ഐ യാഥാര്‍ത്ഥ്യമാക്കുന്നതിന് 2024-25 ബഡ്ജറ്റില്‍ അംഗീകാരം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി റെജിന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി ബാലചന്ദ്രന്‍, ഷറഫുദ്ദീന്‍ കളത്തില്‍, കെ.മുഹമ്മദ്, ടി.സുഹറ, പി.ബാലന്‍, വിജേഷ് കുട്ടന്‍, പി.കെ ജയ, വ്യവസായ വികസന വകുപ്പ് കണ്ണൂര്‍ മേഖല ജോയിന്‍ ഡയറക്ടര്‍ പി.വാസുദേവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ത്രീഡി പ്രിന്റിങ്, കമ്പ്യൂട്ടര്‍ എംബ്രോയ്ഡറി ഡിസൈനിങ് എന്നീ നാലു കോഴ്‌സുകള്‍ക്കാണ് ഇവിടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സുകള്‍ തുടക്കത്തില്‍ തന്നെ ആരംഭിക്കും. ഓരോ കോഴ്‌സിലും 24 കുട്ടികള്‍ വീതം 48 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കുന്നത്.
