ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുകയാണ് സുസ്ഥിര തൃത്താല പദ്ധതിയുടെ പ്രധാന ലക്ഷ്യം: മന്ത്രി എം.ബി.രാജേഷ്.

mb rajeesh

പാലക്കാട് :  ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുകയാണ് സുസ്ഥിര തൃത്താല പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് തദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. സുസ്ഥിര തൃത്താല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂജല വകുപ്പ് പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തെ തരിശുരഹിതവും മാലിന്യ മുക്തവും ആക്കുന്നതോടൊപ്പം ടൂറിസം വികസനമടക്കമുള്ള സമഗ്ര വികസനം നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിക്ക് തദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പങ്കാളിത്തം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഭൂഗര്‍ഭ ജല സംരക്ഷണത്തോടൊപ്പം ഭാരതപ്പുഴയില്‍ ജലസംഭരണം, കിണര്‍ റീചാര്‍ജിങ്, കൃഷി, എല്ലാ വാര്‍ഡുകളിലും ഹരിത വാര്‍ഡ് പദ്ധതി, കേരഗ്രാമം, പച്ചക്കറി വികസനം എന്നിവയും സുസ്ഥിര തൃത്താല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റജീന അദ്ധ്യക്ഷയായി. വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.സുഹറ, പി.കെ.ജയ, ഷറഫുദ്ധീന്‍ കളത്തില്‍, എ.വി.സന്ധ്യ, മറ്റ് തദേശ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags