കൊലപാതകങ്ങള്‍ക്ക് തീവ്രവാദസ്വഭാവം; ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി; ബിജെപി യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ച്; കെ കൃഷ്ണന്‍കുട്ടി
Minister K Krishnankutty

പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് തീവ്രവാദ സ്വഭാവമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇത്തരം കൊലപാതകങ്ങള്‍ തടയല്‍ എളുപ്പമല്ല. കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ പൊലീസ് നടപടി ആരംഭിക്കുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സമാധാനശ്രമം തുടരാന്‍ ജില്ലാ ഭരണകൂടം തുടര്‍ച്ചര്‍ച്ചകള്‍ നടത്തും. ബിജെപി യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചാണ്. അങ്ങനെ ചര്‍ച്ചയ്ക്ക് എത്തിയാല്‍ ഒന്നും ചെയ്യാനാകില്ല. എല്ലാവരെയും യോജിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കും. യോഗത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും ജനങ്ങളുടെ ഭീതി അകറ്റുകയാണ് സര്‍വകക്ഷിയോഗത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ജില്ലയില്‍ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സര്‍വകക്ഷിയോഗം. സര്‍വകക്ഷി യോഗം പ്രഹസനമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സര്‍വകക്ഷിയോഗം വിളിച്ചില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Share this story