പൊതുനിയമങ്ങളുടെ കാര്യത്തില്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും സമന്മാര്‍: മന്ത്രി കെ.കൃഷ്ണന്‍ക്കുട്ടി

sadf

പൊതുനിയമങ്ങളില്‍ മതത്തിന്റേയും ജാതിയുടേയും വര്‍ഗത്തിന്റേയും ഭാഷയുടേയും പേരില്‍ യാതൊരു വിവേചനവും പാടില്ലായെന്നും പൊതുനിയമങ്ങളുടെ കാര്യത്തില്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും സമന്മാരാണെന്ന് ഭരണഘടവ്യക്തമാക്കുന്നതായും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി.സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ജില്ല പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ ഏത് പൗരന്മാര്‍ക്കും തങ്ങള്‍ക്ക് ഇഷ്ടമുളള മതം സ്വീകരിക്കാനുളള അവകാശമുണ്ട്.ന്യൂനപക്ഷമതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാതൊരു വിഘ്‌നവും കൂടാതെ തങ്ങളുടെ മതങ്ങളില്‍ തുടരാനുളള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പൊതുജനങ്ങളുടെ സാമാധാനത്തിന് ഭംഗം വരുത്തുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയന്ത്രിക്കാനുളള അവകാശം സര്‍ക്കാരിനുണ്ട്.ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതവിശ്വാസം തുടരാനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അവരുടെ ഭാഷ ഉപയോഗിക്കാനുളള അവകാശവും മാതൃഭാഷയില്‍ വിദ്യഭ്യാസം ചെയ്യാനുളള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്.  ന്യൂനപക്ഷത്തെ രണ്ടാംതര പൗരന്മാരാക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.  

 ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 പ്രതിനിധികള്‍ പങ്കെടുത്ത ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ് അധ്യക്ഷനായി.ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര മുഖ്യാതിഥിയായി. എഡിഎം സി.ബിജു, കമ്മീഷന്‍ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീന്‍ ഹാജി, സംഘാടക സമിതി ചെയര്‍മാന്‍ ബേബി മാത്യു, ജനറല്‍ കണ്‍വീനര്‍ എം.സുലൈമാന്‍ തുടങ്ങി വിവിധ മതമേലധ്യക്ഷരും ന്യൂനപക്ഷ സംഘടനാ നേതാക്കളും പങ്കെടുത്തു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള  സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ ക്ഷേമ പദ്ധതികളെക്കുറിച്ചും വിവിധ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടത്ര അവബോധമില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി റോസ സെമിനാറില്‍ വ്യക്തമാക്കി. ജില്ലാതല സെമിനാറിനോടനുബന്ധിച്ച് 'ന്യൂനപക്ഷങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍'  എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.  

മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന്‍, പാഴ്‌സി എന്നീ ആറ് മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് ന്യൂനപക്ഷമായി പരിഗണിക്കുന്നത്. ഇവര്‍ക്കായി നിരവധി ക്ഷേമപദ്ധതികളും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ഉണ്ടെങ്കിലും പകുതി പേര്‍ക്കും ഇതേക്കുറിച്ച് അറിവില്ല. സിഎ യ്ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് മുതല്‍ വിദേശപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥിക്ക് വരെ നിബന്ധനകള്‍ പാലിച്ചു സ്‌കോളര്‍ഷിപ്പ് സ്‌കീമുണ്ട്. ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പിഎസ്സി പരിശീലന കേന്ദ്രങ്ങളില്‍ വേണ്ടത്ര വിദ്യാര്‍ഥികള്‍ എത്തുന്നില്ല എന്ന് അധ്യാപകര്‍ പരാതിപ്പെടുന്നതായി റോസ പറഞ്ഞു.  

60 കുട്ടികള്‍ വേണ്ടിടത്ത് 30, 40 കുട്ടികളാണുള്ളത്.  അവബോധമില്ലായ്മയാണ് ഇതിന്റെ കാരണം. മിക്ക പദ്ധതികളിലും വേണ്ടത്ര ബിപിഎല്‍ അപേക്ഷകര്‍ ഇല്ലെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തിലെ എപിഎല്‍ വിഭാഗത്തിന് അര്‍ഹത ലഭിക്കും.  
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം 12 വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുണ്ട്. എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയവര്‍ മുതല്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് തയാറെടുക്കുന്നവര്‍ക്ക് കോഴ്‌സ് ഫീ/ഹോസ്റ്റല്‍ ഫീ റീഇബേഴ്‌സ് ചെയ്യുന്ന പദ്ധതികള്‍ വരെയുണ്ട്.

പോളി ടെക്നിക്, ഐടിഐ/ഐടിസി, നഴ്‌സിംഗ്/പാരാമെഡിക്കല്‍ ഡിപ്ലോമ, സിഎ/സിഎംഎ/സിഎസ്, ബിരുദത്തിനും പിജിയ്ക്കും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, നെറ്റ്/ജെആര്‍എഫ് പരിശീലനം, ഐഐടി/ഐഐഎം/ഐഐഎസ്സി/ഐഎംഎസ്സി പഠനം, ഉറുദുവില്‍ മികച്ച മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

ഇതിന് പുറമെ, വിധവകള്‍ക്ക് ഭവന പുനരുദ്ധാരണ പദ്ധതി, പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം, വിവാഹപൂര്‍വ കൗണ്‍സിലിംഗ് എന്നിവയുമുണ്ടെന്നും കമ്മീഷന്‍ അംഗം സെമിനാറില്‍ വ്യക്തമാക്കി.

2023 നവംബര്‍ 11ന് മലപ്പുറം ജില്ലയില്‍ ആരംഭിച്ച ജില്ലാതല സെമിനാറുകളുടെ സമാപനമാണ് പാലക്കാട് നടന്നത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതികളെക്കുറിച്ചും കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് പ്രത്യേകമായി സംഘടിപ്പിച്ചുവരുന്ന നൈപുണ്യ പരിശീലനം, വൈജ്ഞാനിക തൊഴില്‍ പരിചയം എന്നിവയില്‍ ക്ലാസുകളും ചര്‍ച്ചയും സെമിനാറിന്റെ ഭാഗമായി നടന്നു.

Tags