ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ പരിശോധനാ സംവിധാനം ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി ജി.ആര്‍ അനില്‍


പാലക്കാട് : ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ പരിശോധന സംവിധാനം ഗ്രാമ പഞ്ചായത്ത് തലങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പുതുതായി ആരംഭിക്കുന്ന ഫെയര്‍മീറ്റര്‍ മുദ്രവെയ്പ് ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ താലൂക്ക് തലങ്ങളിലാണ് ഓട്ടോറിക്ഷാ ഫെയര്‍മീറ്റര്‍ മുദ്രവെയ്പ് പരിശോധന നടന്നു കൊണ്ടിരിക്കുന്നത്. പരിശോധനയ്ക്കായി എത്തുന്ന ഓട്ടോറിക്ഷ റോഡില്‍ ഓടിച്ചു നോക്കിയാണ് പരിശോധന പൂര്‍ത്തിയാക്കുന്നത്. ഇതിനുള്ള സൗകര്യങ്ങളുടെ അഭാവമാണ് പലയിടത്തും പുതിയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന് തടസ്സമാകുന്നത്. സൗകര്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിശോധനാ കേന്ദ്രങ്ങള്‍ ഗ്രാമപഞ്ചായത്ത് തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നത് നിലവിലെ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നടത്തുന്ന മികച്ച ഇടപെടലുകളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.
ഓട്ടോറിക്ഷാ തൊഴിലാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിച്ചാണ് പുതിയതായി ക്യാമ്പ് ഓഫീസ് തുടങ്ങിയത്. മണ്ണൂര്‍, കേരളശ്ശേരി, കോങ്ങാട്, മങ്കര, പറളി, എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഓട്ടോറിക്ഷകളുടെ ഫെയര്‍ മീറ്ററുകള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി മുദ്ര ചെയ്യുന്നതിനായാണ് മണ്ണൂരില്‍ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ 40 കിലോമീറ്റര്‍ അകലെയുള്ള ആലത്തൂര്‍ ലീഗല്‍ മെട്രോളജി ഓഫീസിലാണ് ഓട്ടോറിക്ഷാ ഫെയര്‍ മീറ്റര്‍ മുദ്ര വെയ്പ്പ് നടന്നുകൊണ്ടിരിക്കുന്നത്.

മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ.ശാന്തകുമാരി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് അനിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സേതുമാധവന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ വി സ്വാമിനാഥന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഹുസൈന്‍ ഷെഫീഖ്, ഷെഫീന, അന്‍വര്‍ സാദിഖ്, പ്രീത, സുമ, ഷിഹാബ്, ജയശ്രീ, സരിത, പഞ്ചായത്ത് സെക്രട്ടറി ബിന്ദു, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ അബ്ദുല്‍ഖാദര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.