എം.ജി സർവകലാശാല: പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ ബിരുദം മൂന്നുവർഷം തന്നെ

mg university

കോട്ടയം:  നിലവിലുള്ള പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പ്രോഗ്രാമുകൾ തുടരാൻ എം.ജി. സർവകലാശാല.  നാലുവർഷ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുന്നതിനൊപ്പം പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ ബിരുദകോഴ്‌സുകൾ പഴയതുപോലെ മൂന്നുവർഷക്കാലാവധിയിൽ നടത്താനാണ്‌ തീരുമാനം. രണ്ടുവർഷ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളും തുടരും.

എം.ജി.യിൽ 11 വിഷയങ്ങളിൽ ബിരുദകോഴ്‌സുകളും 12 വിഷയങ്ങളിൽ പി.ജി. േകാഴ്‌സുകളും നടത്തുന്നുണ്ട്‌. കൂടാതെ, ബി.കോം., എം.കോം. പ്രോഗ്രാമുകളും ഉണ്ട്‌. ശ്രീനാരായണ ഓപ്പൺ സർവകലാശാല നടത്തുന്ന ഡിസ്റ്റൻസ്‌ എജുക്കേഷൻ പ്രോഗ്രാമുകൾ മറ്റ് സർവകലാശാലകൾ നടത്തരുതെന്ന്‌ നിയമസഭ പാസാക്കിയ ഓപ്പൺ സർവകലാശാലാ ആക്‌ടിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

 ഈ സാഹചര്യത്തിൽ എം.ജി. സിൻഡിക്കേറ്റ്‌ തീരുമാനം നിയമപരമായി നിലനിൽക്കുമോയെന്നതിൽ സംശയമുണ്ട്‌. ഓപ്പൺ സർവകലാശാലയിൽ ഇത്തവണ ഡിസ്റ്റൻസ്‌ പ്രോഗ്രാമുകൾ നാലുവർഷ ബിരുദരീതിയിലേക്ക്‌ മാറ്റും. എന്നാൽ, പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകൾ മൂന്ന്‌ വർഷമായിത്തന്നെ തുടർന്നാൽ നിയമപ്രശ്‌നമുണ്ടാകില്ലെന്നാണ്‌ എം.ജി. സിൻഡിക്കേറ്റ്‌ വിലയിരുത്തിയത്‌. 2020-ൽ സ്ഥാപിച്ച ഓപ്പൺ സർവകലാശാലയിൽ 16 യു.ജി. പ്രോഗ്രാമുകളും 12 പി.ജി.പ്രോഗ്രാമുകളുമുൾപ്പെടെ 28 കോഴ്‌സുകളാണ്‌ നടത്തുന്നത്‌.

Tags