കൊലക്കേസ് പ്രതിയും സുഹൃത്തും എം.ഡി.എം.എ.യുമായി പിടിയിൽ

arrest

മഞ്ചേരി:കൊലക്കേസ് പ്രതിയും സുഹൃത്തും എം.ഡി.എം.എ.യുമായി പൊലീസ് പിടിയില്‍. മഞ്ചേരി നഗരസഭാംഗമായിരുന്ന തലാപ്പില്‍ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മഞ്ചേരി വള്ളുവങ്ങാട് കറുത്തേടത്തു വീട്ടില്‍ ഷംസീര്‍ (34), കോഴിക്കോട് പൊക്കുന്ന് മീന്‍പാലോടി നിലംപറമ്പ് വീട്ടില്‍ ഷംനാദ് (24) എന്നിവരെയാണ് മഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ജസ്റ്റിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇവരില്‍ നിന്ന് 36 ഗ്രാം എം.ഡി.എം.എ.യും 1.2 ലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടിച്ചെടുത്തു. ലഹരിക്കടത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

കച്ചേരിപ്പടിയില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. പോലീസിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഷംസീര്‍ ലഹരിക്കടത്ത് സംഘത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വാഹനത്തില്‍ സഞ്ചരിച്ച് ലഹരിവില്പന നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Tags