മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവതിക്ക് പീഡനം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

google news
rape

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപ് (38) ആണ് അറസ്‌റ്റിലായത്‌. ഇയാളെ ബെംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്. 2021 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം.

കാനഡയിൽ താമസിക്കുന്ന യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്‌. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ദിലീപ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലാവുകയും കാനഡയിൽ ജോലി ചെയ്‌തുവരികയായിരുന്ന യുവതി വിവാഹ മോചനത്തിനുള്ള നടപടികൾ നടത്തി വരികയാണ്. ഇതിനിടെയാണ് ദിലീപുമായി അടുപ്പത്തിലാകുന്നത്‌. 2021 ജനുവരിയിൽ നാട്ടിലെത്തിയ യുവതിയെ ദിലീപ് തന്റെ ജൻമദിനം ആഘോഷിക്കാനായി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി. പിന്നീട് കൊച്ചിയിലെ ഒരു ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്‌തു.

ഇക്കാര്യം യുവതി അറിഞ്ഞിരുന്നില്ല. കുറച്ച് കാലത്തിന് ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി സംശയം തോന്നിയ ദിലീപ് പീഡന ദൃശ്യങ്ങൾ യുവതിയുടെ അച്ഛനും ആദ്യ ഭർത്താവിനും അയച്ചുകൊടുക്കുകയായിരുന്നു. തുടർന്നാണ് യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകുന്നത്. നോർത്ത് പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘം അന്വേഷണത്തിനൊടുവിൽ ബെംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടുകയും ചെയ്‌തു.

Tags