15 ദിവസം മാത്രം നീണ്ട ദാമ്പത്യം ; പത്തനംതിട്ട അപകടം കവർന്ന നിഖിലും അനുവും വിവാഹിതരായത് എട്ട് വർഷത്തെ പ്രണയത്തിനുശേഷം
പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട നവദമ്പതികള്‍ വിവാഹിതരായത് എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍.നിഖില്‍ മത്തായിയും അനുവും ഒരേ ഇടവകക്കാരാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്. തുടര്‍ന്നായിരുന്നു നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. അവർ ഇതുവരെ ജീവിച്ച് തുടങ്ങിയില്ലെന്നാണ് സംഭവസ്ഥലത്ത് എത്തിയബന്ധുക്കളിലൊരാള്‍ പ്രതികരിച്ചത്.
വിവാഹശേഷം മലേഷ്യയില്‍ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രമായപ്പോഴാണ് അപകടത്തിന്റെ രൂപത്തില്‍ ദുരന്തം എത്തിയത്. ഇരുവരേയും സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും അച്ഛന്മാരും അപകടത്തില്‍ മരിച്ചു.
മലേഷ്യയില്‍നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജു പി ജോര്‍ജ്ജും തീരുമാനിച്ചിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട് എത്തുന്നതിന് 7 കിലോമീറ്റര്‍ മുന്‍പ് അപകടം സംഭവിച്ചു.
അമിതവേഗത്തില്‍ എത്തിയ കാര്‍ തെലങ്കാനയില്‍ നിന്നുള്ള ശബരിബല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
അനുവിന്റെ അച്ഛന്‍ ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും. മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.