മൊബൈൽഫോണിൽ ഫോട്ടോപകർത്തി പിഴയീടാക്കുന്നു; വിവാദമായി മാനന്തവാടി പോലീസിന്റെ ‘ജനമൈത്രി’ പ്രവർത്തനം

police8
police8

മാനന്തവാടി: ജനമൈത്രി പ്രവർത്തനങ്ങളുമായി പോലീസ് മുന്നോട്ടുപോകുമ്പോൾ മാനന്തവാടിയിൽ പൊതുജനവുമായുള്ള പോലീസിന്റെ ഇടപെടൽ വിവാദമാകുന്നു. മാനന്തവാടി പോലീസ് ജനവുമായി അത്ര സൗഹൃദത്തിലല്ലെന്നാണ് ആക്ഷേപം. മതിയായ പാർക്കിങ് സൗകര്യമൊരുക്കാതെയുള്ള പോലീസിന്റെ പിഴചുമത്തൽ സാധാരണക്കാർക്കു പ്രയാസമാവുന്നതായാണ് പരാതി.

tRootC1469263">

മൊബൈൽഫോണിൽ ഫോട്ടോപകർത്തി പിഴചുമത്താൻ മോട്ടോർ വാഹനവകുപ്പ് നിയമം അനുവദിക്കുന്നില്ലെന്നിരിക്കേ മൊബൈൽഫോണുമായി തലങ്ങും വിലങ്ങും പോലീസും ഹോംഗാർഡും ഫോട്ടോയെടുത്ത് പിഴയീടാക്കുന്നതായാണ് ആക്ഷേപം. ഇങ്ങനെ ഫോട്ടോയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു വിവരാവകാശനിയമത്തിലൂടെ മറുപടി നൽകിയ ഡിവൈഎസ്‌പിയും തന്റെ സബ് ഡിവിഷനു കീഴിലുള്ള പോലീസ് പ്രവർത്തിക്കുന്നത് അറിഞ്ഞില്ലെന്നു നടിക്കുന്നില്ലെന്നു ജനം പരാതിപ്പെടുന്നു.

മതിയായ പാർക്കിങ് സൗകര്യമില്ലാത്ത നഗരത്തിൽ പോലീസ് വാഹനങ്ങൾ നിയമം ലംഘിച്ച് തോന്നിയപോലെ നിർത്തിയിടുന്നതായി പൊതുജനം പറയുന്നു. നടപ്പാതയിൽ പോലീസ് വാഹനം നിർത്തിയിട്ടാൽപോലും സമീപത്ത് ജോലിയുള്ള ഹോംഗാർഡും പോലീസും ഇതു കാണില്ല. അതേസമയം, കുറച്ചുസമയംമാത്രം സമയത്ത് എന്തെങ്കിലും ആവശ്യത്തിനായി റോഡരികിൽ നിർത്തിയിടുന്ന സാധാരണക്കാരുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഗതാഗത തടസ്സമുണ്ടാക്കി എന്ന പേരിൽ പിഴചുമത്തുന്നതായാണ് ആക്ഷേപം.

അനാവശ്യമായി പിഴ ചുമത്തുന്നതായി ആരോപിച്ച് കഴിഞ്ഞദിവസം വൈകീട്ട് ഗാന്ധിപാർക്കിൽ മാനന്തവാടി ട്രാഫിക് എസ്‌ഐയുമായി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. മുൻപെങ്ങുമില്ലാത്ത രീതിയിൽ ഇപ്പോൾ പിഴയീടാക്കുന്നെന്നാണ് പരാതി. കല്പറ്റ പോലുള്ള നഗരത്തിൽ സ്വകാര്യവാഹനങ്ങൾക്ക്‌ പാർക്ക് ചെയ്യാൻ സ്ഥലം അനുവദിച്ചിട്ടുണ്ട്.

മാനന്തവാടിയിൽ പേരിനു ഇരുചക്രവാഹനങ്ങൾക്ക് നിർത്തിയിടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും കാർപോലുള്ള വാഹനങ്ങൾക്ക് നിർത്തിയിടാൻ സൗകര്യമില്ല. രണ്ടുവാഹനങ്ങൾ കൂടുമ്പോൾ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന റോഡുകളിൽ പോലീസ് വാഹനം നിർത്തി ഗതാഗതക്കുരുക്കുണ്ടാക്കി വാഹനപരിശോധന നടത്തുന്നത് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

Tags