മകരവിളക്ക് ; ശബരിമലയിലെ തിരക്ക് നിയന്ത്രണം പാളിയ സാഹചര്യത്തിൽ പരിചയ സമ്പന്നരായ പോലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ഉയരുന്നു
ശബരിമല : ശബരിമലയിലെ തിരക്ക് നിയന്ത്രണം പാളിയ സാഹചര്യത്തിൽ മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് പരിചയ സമ്പന്നരായ പോലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ഉയരുന്നു.
മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശേഷമുള്ള ദിനങ്ങളിൽ തിരക്ക് നിയന്ത്രണം പാടേ പാളിയതിൻ്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയരുന്നത്. മണ്ഡല പൂജാ കാലയളവിൽ ലക്ഷത്തിന് മേൽ തീർത്ഥാടകർ ദർശനത്തിന് എത്തിയ ദിനങ്ങളില്ലൊം തന്നെ തിരക്ക് വരുതിയിലാക്കാൻ സേനയ്ക്ക് കഴിഞ്ഞിരുന്നു.
എന്നാൽ മകര വിളക്ക് കാലയളവിലേക്ക് ചുമതലയേറ്റ പോലീസിൻ്റെ അഞ്ചാം ബാച്ചിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലാതെ വന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. തിരക്ക് നിയന്ത്രണത്തിൽ മുൻ പരിചയമുള്ള ഉദ്യോഗസ്ഥരെ അഞ്ചാം ബാച്ചിൽ ഉൾപ്പെടുത്താതിരുന്നതും തിരിച്ചടിയായി. പടി കയറ്റം വേഗത്തിലാക്കാൻ എഡിജിപി എസ്. ശ്രീജിത്ത് നേരിട്ടെത്തി നടപടി സ്വീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. മേലെ തിരുമുറ്റത്ത് വലിയ തിരക്ക് ഇല്ലാത്തപ്പോഴും വലിയ നടപ്പന്തൽ തീർത്ഥാടകരാൽ തിങ്ങിനിറയുന്ന സ്ഥിതിയാണ് ഉള്ളത്.
ഇതുമൂലം ശരംകുത്തി മുതൽ യു ടേൺ വരെയുള്ള ഭാഗത്ത് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥ തുടരുകയാണ്. ഈ ഭാഗങ്ങളിൽ കുടിവെള്ളവും ലഘുഭക്ഷണവും എത്തിക്കുന്നതിൽ ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചു. ക്യൂവിൽ നിന്ന് വലഞ്ഞ തീർത്ഥാടകർ വ്യാഴാഴ്ചയും പോലീസുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു.
തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തി സ്ഥിതി ഗതികൾ ശാന്തമാക്കുകയായിരുന്നു. മകരവിളക്കിനോട് അനുബന്ധിച്ച് പുതിയ പോലിസ് ബാച്ച് ഒമ്പതാം തീയതി സന്നിധാനത്ത് ചുമതല എൽക്കും. ഈ ബാച്ചിൽ തിരക്ക് നിയന്ത്രണത്തിൽ മുൻ പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥരെയടക്കം നിയോഗിച്ചില്ലെങ്കിൽ മകരവിളക്കിനോട് അനുബന്ധിച്ചുള്ള ദിനങ്ങളിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമായേക്കാം.