പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു


ശബരിമല: ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. കലിയുഗവരദനെ തൊഴാനും മകരജ്യോതി ദർശനത്തിനുമായി ഭക്തലക്ഷങ്ങളാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും കാത്തിരുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി തീർഥാടകർ മലയിറങ്ങാതെ മകരജ്യോതി ദർശനത്തിനായി കാത്തിരിക്കുകയായിരുന്നു. ഇത്തവണ രണ്ട് ലക്ഷത്തോളം ഭക്തരാണ് മകരജ്യോതി ദർശന പുണ്യത്തിനായി കാത്തിരുന്നതെന്നാണ് കണക്ക്.
മകരജ്യോതി ദർശനത്തിനായി പർണശാല കെട്ടിയാണ് തീർഥാടകർ കാത്തിരുന്നത്. സന്നിധാനത്തിന് പുറമേ പമ്പ, പൂങ്കാവനത്തിലെ 18 മലകളിലും പർണശാലകൾ കെട്ടിയിരുന്നു. പമ്പ ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് വാഹനങ്ങൾ നീക്കി 8000 പേർക്ക് ഇരുന്ന് മകരജ്യോതി ദർശിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇടുക്കി ജില്ലയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് കാത്തിരുന്നത്.