ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്; ഒരാഴ്ചക്കുള്ളില്‍ പുറത്തിറക്കിയേക്കും
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രത്തിന് മറുപടിയായി എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം ഉടന്‍. മുന്‍ ധനമന്ത്രിമാരായ തോമസ് ഐസകിനെയും കെ എന്‍ ബാലഗോപാലിനെയുമാണ് ബദല്‍ ധവള പത്രം തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ധവളപത്രം പുറത്തിറക്കിയേക്കും.കഴിഞ്ഞ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും സാമ്പത്തിക പരിപാലനവും അടക്കം ബദല്‍ ധവളപത്രത്തിലൂടെ വിശദീകരിക്കാനാണ് തീരുമാനം.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പണം നീക്കിവെച്ചത് ധൂര്‍ത്ത് ആയാണ് യുഡിഎഫ് ധവളപത്രത്തില്‍ ചിത്രീകരിച്ചത്, പത്ത് വര്‍ഷം കൊണ്ട് ഉണ്ടായ നേട്ടങ്ങള്‍ മറച്ചുവെച്ചു എന്നത് ഉള്‍പ്പടെയുള്ള വിമര്‍ശനങ്ങള്‍ ബദല്‍ ധവളപത്രത്തിലുണ്ടായേക്കും. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് മറുപടി നല്‍കുന്ന രേഖയായി ധവള പത്രം ഇറക്കാനാണ് ആലോചിക്കുന്നത്.
അധികാരത്തില്‍വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
.jpg)

