ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവം ; വിചാരണ തുടങ്ങും

Mofia Parveen case
Mofia Parveen case

2021 നവംബര്‍ 23നായിരുന്നു നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആലുവയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്.

ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നു. ആദ്യ പടിയായി അന്വേഷണ സംഘം തയാറാക്കിയ കുറ്റപത്രം കോടതി പ്രതികളെ വായിച്ചു കേള്‍പ്പിച്ചു. കേസില്‍ ആരോപണ വിധേയനായ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം നല്‍കുമെന്ന് മോഫിയയുടെ അച്ഛന്‍ പറഞ്ഞു.

2021 നവംബര്‍ 23നായിരുന്നു നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആലുവയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു മോഫിയയുടെ ആത്മഹത്യയെന്ന് കുടുംബം ആരോപണമുയര്‍ത്തി. ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, സുഹൈലിന്റെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവര്‍ കേസില്‍ പ്രതികളായി. സ്ത്രീധന പീഡനത്തിനും, ഗാര്‍ഹിക പീഡനത്തിനും ഇരയായാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നാണ് കേസ് അന്വേഷിച്ച പൊലീസ് സംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ കണ്ടെത്തല്‍. കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ മൂന്നു പ്രതികളും ഇന്നലെ കോടതിയില്‍ എത്തിയിരുന്നു. 

അതേസമയം, കേസില്‍ ആരോപണ വിധേയനായ ആലുവ മുന്‍ എസ്എച്ച്ഒ സിഎല്‍ സുധീര്‍ കേസില്‍ സാക്ഷി മാത്രമാണ്. എന്നാല്‍ മകളുടെ മരണത്തില്‍ സുധീറിനും പങ്കുണ്ടെന്നും സുധീറിനെതിരെ സ്വകാര്യ അന്യായം കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും മോഫിയയുടെ പിതാവ് അറിയിച്ചു. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി 2 ലാണ് കേസിന്റെ വിചാരണ നടപടികള്‍. പ്രാരംഭ വാദം തുടങ്ങുന്ന തീയതി അടുത്ത ദിവസം തന്നെ കോടതി പ്രഖ്യാപിക്കും. 

Tags