കേരളത്തിലെ ഏറ്റവും വലിയ ഗേറ്റ് വേ റിസോർട്ട്‌ ; മുഖ്യമന്ത്രി ഞായറാഴ്ച ഉദ്‌ഘാടനം ചെയ്യും

bacal
bacal

 ബേക്കലിലെ 32 ഏക്കർ ഭൂമിയിൽ ടാറ്റ ഗ്രൂപ്പിൻ്റെ ഐഎച്ച്സിഎല്ലിന് കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഗേറ്റ് വേ റിസോർട്ട്‌ ഒരുങ്ങി. അഞ്ഞൂറോളം പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും. ഞായറാഴ്ച  ഗേറ്റ് വേ റിസോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ഇന്ത്യൻ ഹോട്ടൽസ് കമ്പനീസ് ലിമിറ്റഡിന് കീഴിൽ ഗേറ്റ് വേ എന്ന പേരിൽ 151 മുറികളുള്ള പഞ്ച നക്ഷത്ര റിസോർട്ടാണൊ രുങ്ങിയത്. ഉദുമ പഞ്ചായത്തിൽ ബേക്കൽ പുഴക്കരയിലെ ഉപദ്വീപിൽ ബേക്കൽ റിസോട്‌സ്‌ വികസന കോർപ്പറേഷൻ’ഏറ്റെടുത്തു നൽകിയ ഭൂമിയിലാണ്‌ പദ്ധതി. സർക്കാർ –സ്വകാര്യ സംയുക്ത പദ്ധതി (പിപിപി) എന്ന നിലയിൽ 2007ൽ ജംഷഡ്പൂർ കേന്ദ്രമായ ഗ്ലോബ് ലിങ്ക് ഹോട്ടലുമായാണ്‌ ആദ്യം കരാറായത്‌. 2011 ൽ ഹോട്ടൽ നിർമാണം തുടങ്ങിയെങ്കിലും സിആർസെഡ്‌ അടക്കമുള്ള ചട്ടങ്ങളിൽ പെട്ട്‌ 2014 നിർമാണം സ്‌തംഭിച്ചു. നിക്ഷേപകരിലുണ്ടായ ആഗോള മാന്ദ്യവും കോവിഡും പിന്നെയും പ്രതിസന്ധിയുണ്ടാക്കി. സംസ്ഥാന സർക്കാരും ബിആർഡിസിയും നടത്തിയ നിരന്തര ഇടപെടലിൽ ബംഗളൂരു ആസ്ഥാനമായ ഗോപാലൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏറ്റെടുത്താണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.

ബേക്കൽ പദ്ധതി പ്രദേശത്ത് ബിആർഡിസി സജ്ജമാക്കിയ മൂന്നാമത്തെ പഞ്ചനക്ഷത്ര റിസോർട്ടാണിത്‌. ഉദുമ കാപ്പിൽ ബീച്ചിൽ 77 മുറികളുമായി ഐഎച്ച്സിഎലിന്റെ താജ് റിസോർട്ട്‌ നിലവിൽ പ്രവർത്തിക്കുന്നുണ്ട്‌. ജിഞ്ചർ എന്നപേരിൽ ഉദുമ പള്ളത്ത് 150 മുറികളുള്ള റിസോർട്ടും ഉടൻ പൂർത്തിയാവും.
 

Tags