താൻ അനന്തുകൃഷ്ണന്റെ വക്കീൽ മാത്രം; സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ പങ്കില്ലെന്ന് ലാലി വിന്‍സെന്റ്

Congress leader Lali Vincent was also accused in the Seed Society fraud case involving Ananthu Krishnan
Congress leader Lali Vincent was also accused in the Seed Society fraud case involving Ananthu Krishnan

കണ്ണൂര്‍: അനന്തുകൃഷ്ണൻ പ്രതിയായ സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. താൻ അനന്തുകൃഷ്ണന്റെ വക്കീൽ മാത്രമാണെന്നും അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും കൈകാര്യം ചെയ്തിട്ടുണ്ടെന്നും സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയേണ്‍മെന്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരുമുണ്ടെന്നും ലാലി വിൻസെന്റ് പറഞ്ഞു. അനന്തുകൃഷ്ണന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.

'മുമ്പ് വനിതാ കമ്മിഷന്‍ അംഗമായിരുന്ന പ്രമീളാ ദേവിയുടെ കൂടെ സ്റ്റാഫായിരുന്നു. പിന്നീട് പ്രമീളാ ദേവി ബി.ജെ.പിയിലേക്ക് പോയെന്നും അനന്തുകൃഷ്ണന്‍ ബിസിനസുമായി മുന്നോട്ടുപോയെന്നുമാണ് തന്നോട് പറഞ്ഞത്. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും താന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അനന്തുകൃഷ്ണനെ പറ്റിച്ചിട്ടുള്ള കേസുകളാണ് അത് എന്നും ലാലി വിന്‍സെന്‍റ് പറഞ്ഞു.

സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി അഥവാ സീഡ് കേരളം മുഴുവന്‍ പടര്‍ന്നുകിടക്കുന്നതാണ്. അതില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരുമുണ്ട്. പ്രമുഖരായ ഒരുപാടുപേരുണ്ട്. അതില്‍ കോണ്‍ഗ്രസ് നേതാക്കളും സിപിഎം നേതാക്കളുമുണ്ടെന്നും ലാലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം അഭിമുഖത്തിന് പോകാനും ഇരിക്കാനും അനന്തുകൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. അതേസമയം കൂടുതല്‍ പഠിച്ചുകഴിഞ്ഞാല്‍ പരാതികളെ കുറിച്ച് തനിക്ക് ബോധ്യപ്പെടുമായിരിക്കുമെന്നും ലാലി കൂട്ടിച്ചേര്‍ത്തു.

അനന്തു കൃഷ്ണനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസെടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ അഭിഭാഷകയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ലാലി വിന്‍സന്റ്. 

Tags