ഇത് റീലുകളുടെ കാലം; കൃഷിയുടെ മഹത്വം റീലിലൂടെ കുട്ടികളുടെ മനസിലുറപ്പിച്ച് കെ.വി.യു പി സ്കൂൾ അധ്യാപകർ

REELS

പഴകുളം (അടൂർ): ഗവ: ഉദ്യോഗസ്ഥരുടെ റീൽ വൈറലായതിനു പിന്നാലെ പലരും ഒഴിവുവേളകളിൽ തങ്ങളുടെ കലാപരമായ കഴിവുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയാണ്. വിനോദത്തിന് ഏവരും ഏറെ പ്രാധാന്യം നൽകുമ്പോൾ കുട്ടികൾക്ക് അറിവും, കാർഷിക സംസ്ക്കാരവും നൽകുന്ന കലാ മേന്മയുള്ള റീൽ നിർമ്മിച്ച് ജനശ്രദ്ധ നേടുകയാണ് പത്തനംതിട്ട അടൂർ പഴകുളം കെ.വി.യു.പി സ്കൂളിലെ അധ്യാപകനായ കെ.എസ്. ജയരാജിൻ്റെ നേതൃത്വത്തിൽ ഒരു പറ്റം അധ്യാപകർ.

REEL 1

ഞാനൊരു മലയാളി..എന്നും മണ്ണിൻ കൂട്ടാളി..അതിരുകളില്ല പതിരുകളില്ല സ്വപ്ന തേരളി.. എന്ന് തുടങ്ങുന്ന ജിലേബി എന്ന സിനിമയിലെ ജയചന്ദ്രൻ പാടിയ പാട്ടിൻ്റെ താളത്തിനൊപ്പമാണ് റീൽസ് ചിത്രീകരിച്ചത്. വിഷരഹിത പച്ചക്കറി കൃഷി കുട്ടികളെ പഠിപ്പിക്കുന്നതിനും, ഓണക്കാലത്തേക്ക്, വിദ്യാലയത്തിലും ഓരോ വീടുകളിലും പച്ചക്കറി കൃഷി ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് ഞായാറാഴ്ചയായ അവധി ദിനത്തിൽ അധ്യാപകരും, സമീപവാസികളായ വിദ്യാർത്ഥികളും പി.ടി.എ പ്രതിനിധികളും എത്തിയത്. അപ്പോഴാണ് ഇത്തരം ഒരു റീലിനെക്കുറിച്ച് ചിന്തിച്ചത്. പിന്നെ വൈകിയില്ല 2 മണിക്കുർ കൊണ്ട് റീൽ ഷൂട്ട് ചെയ്തു.

KVUP

കൃഷി ഈ വിദ്യാലയത്തിന് പുതുമയുള്ള ഒരു കാര്യമല്ല. 40 സെൻ്റ് സ്ഥലത്ത് ആയിരത്തോളം സൂര്യകാന്തികൾ കൃഷി ചെയത് ഏറെ ജനശ്രദ്ധ നേടിയതാണ് ഈ വിദ്യാലയം. കഴിഞ്ഞ വർഷത്തെ പ്രവേശനോത്സവത്തിൽ നവാഗതരെ സ്വീകരിച്ചത് സ്കൂളിലെ സൂര്യകാന്തി പൂക്കൾ നൽകിയാണ്. കഴിഞ്ഞ ഓണക്കാലത്ത്  വിവിധ തരം ബന്ദിപ്പൂക്കക്കളും, പച്ചക്കറിയും കൃഷി ചെയ്തും ഈ വിദ്യാലയം വേറിട്ട മാതൃക തീർത്തു. ഓണത്തിന് വലിയ പൂക്കളമൊരുക്കിയത് വിദ്യാലയത്തിൽ നട്ടുവളർത്തിയ ബന്ദിപ്പൂക്കൾ ഉപയോഗിച്ചാണ്.

KVUP1
 
കർഷക ദിനത്തിൻ്റെ മഹത്വം കുട്ടികൾ ഉൾക്കൊള്ളാനായി മുൻ വർഷം കൃഷി ഉപജീവനമാക്കിയ കർഷകരെ കൃഷിയിടത്തിലെത്തി പൊന്നാടയണിച്ച് ആദരിക്കുവാനും ഈ വിദ്യാലയത്തിലെ അധ്യാപകർ മറന്നില്ല. ഹെഡ്മിസ്ട്രസ് വി.എസ്.വന്ദന,അധ്യാപകരായ, കെ.എസ്.ജയരാജ്, ലക്ഷ്മി രാജ്, ശാലിനി. എസ്. രക്ഷിതാക്കളായ രാജി.രതീഷ്., അശ്വതി.എഫ്, സാജിന ഹക്കീം, ആർ.രാജേഷ് എന്നിവരും സമീപവാസികളായ വിദ്യാർത്ഥികളുമാണ് റീൽ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചവർ.

റീൽസ് കാണാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക

QR CODE