കുട്ടനാട്ടിൽ രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിലെ നെൽച്ചെടിയിൽ കരിഞ്ചാഴി ആക്രമണം ; കർഷകർ ആശങ്കയിൽ

black

കുട്ടനാട്: രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ കരിഞ്ചാഴിയുടെ (ബ്ലാക്ക് ബഗ്) ആക്രമണം കർഷകർ ആശങ്കയിൽ. വിത കഴിഞ്ഞു 12 ദിവസം കഴിഞ്ഞ കൃഷിയിടത്തിലും 25 ദിവസം പിന്നിട്ട കൃഷിയിടത്തിലും കരിഞ്ചാഴിയുടെ ആക്രമണം ഉണ്ട്.

എടത്വ, നെടുമുടി കൃഷി ഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണു ആക്രമണം കണ്ടെത്തിയിട്ടുള്ളത്. വെള്ളം കയറി കിടക്കുന്ന ഭാഗങ്ങളിലാണു കൂടുതൽ ആയി കരിഞ്ചാഴിയെയും കരിഞ്ചാഴിയുടെ മുട്ടകളും കണ്ടെത്തിയത്. രണ്ടാഴ്ചകൾക്കു മുൻപു പാടശേഖരങ്ങളുടെ സമീപ പ്രദേശങ്ങളിലും വീടുകളിലും മറ്റും കരിഞ്ചാഴികളെ കൂട്ടമായി കണ്ടെത്തിയിരുന്നു.

പകൽ സമയങ്ങളിൽ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന കീടങ്ങൾ രാത്രി കാലങ്ങളിൽ ആണു നെൽച്ചെടികളുടെ നീര് ഊറ്റി കുടിക്കുന്നത്. ഇതിനാൽ ഇവയെ പെട്ടെന്നു കണ്ടുപിടിക്കാൻ പ്രയാസമാണ്.

ഈർപ്പമുള്ള പ്രദേശങ്ങളിലാണു കരിഞ്ചാഴിയുടെ സാന്നിധ്യം കൂടുതലായി കാണുന്നത്.തണ്ടുതുരപ്പന്റെയും എലിവെട്ടിന്റെയും സമാനമായ ലക്ഷണങ്ങൾ കണ്ടാൽ കരിഞ്ചാഴി ആക്രമണം സംശയിക്കാം. നെൽച്ചെടികളുടെ ചുവട്ടിൽ ഇരുന്നു നീര് ഊറ്റി കുടിക്കുന്നതു മൂലം നെൽച്ചെടികൾ കരിഞ്ഞു പോകുന്നതാണു കൃഷി നാശത്തിനു കാരണമാകുന്നത്.

നിലവിൽ കർഷകർ ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നു മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു. കൃഷിയിടത്തിൽ ഇറങ്ങി നോക്കി കീട സാന്നിധ്യം ഉറപ്പിച്ചാൽ നിർദേശ പ്രകാരമുള്ള നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണം.

കൃഷിയിടത്തിൽ കരിഞ്ചാഴി സാന്നിധ്യം കാണുന്ന പക്ഷം മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടുക.കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടാനുള്ള നമ്പർ.ചമ്പക്കുളം, പുളിങ്കുന്ന് : 9567819958, നെടുമുടി : 8547865338, കൈനകരി : 9961392082, എടത്വ : 9633815621, തകഴി : 9496764141, ആലപ്പുഴ : 7034342115, കരുവാറ്റ : 8281032167, പുന്നപ്ര : 9074306585, അമ്പലപ്പുഴ : 9747731783, പുറക്കാട് : 9747962127.

Tags