തുരുമ്പെടുക്കുന്ന ബസുകൾ : കെഎസ്ആർടിസിയുടെ കാര്യത്തിൽ തീരുമാനമെന്തെന്ന് ഹൈക്കോടതി

google news
diesel,ksrtc

കൊച്ചി : കെഎസ്ആർടിസിയുടെയും കെയുആർടിസിയുടെയും ബസുകൾ ഡിപ്പോകളിലും യാർഡുകളിലും തുരുമ്പെടുത്തു നശിക്കുന്ന സംഭവത്തിൽ കോർപറേഷന്റെ തീരുമാനം എന്താണെന്നു ഹൈക്കോടതി ആരാഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടിസിക്കു കുറെക്കൂടി കാര്യക്ഷമത ആവശ്യമാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. വിശദീകരണ പത്രിക സമർപ്പിക്കാൻ കെഎസ്ആർടിസിക്കു നിർദേശം നൽകി.

700 കോടി രൂപയോളം മൂല്യമുള്ള 2800 ബസുകൾ ഉപേക്ഷിച്ചു തള്ളിയതായി കാണിച്ച് കാസർകോട് സ്വദേശിയായ എൻ. രവീന്ദ്രൻ നൽകിയ പൊതുതാൽപര്യ ഹർജിയാണു കോടതി പരിഗണിച്ചത്. തുരുമ്പെടുത്തു നശിക്കുന്ന ബസുകളുടെ എണ്ണം, പഴക്കം, ഓടിയ ദൂരം, അനക്കാതെ ഇട്ടിട്ട് എത്ര കാലമായി, എന്തു ചെയ്യാനാണു പദ്ധതി എന്നെല്ലാം വ്യക്തമാക്കി പത്രിക നൽകാനാണു നിർദേശം. ‌

വിവിധ കെഎസ്ആർടിസി ഡിപ്പോകളിലും യാർഡുകളിലും തള്ളിയിട്ടുള്ള കെഎസ്ആർടിസി, കെയുആർടിസി ബസുകൾ തുരുമ്പെടുത്തു നശിക്കുകയാണെന്ന മാധ്യമ വാർത്തകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണു ഹർജി. ബസുകൾ അറ്റകുറ്റപ്പണി തീർത്ത് ഓടിക്കണമെന്ന് ആവശ്യപ്പെട്ടാണു ഹർജി.

2800 ബസുകൾ തുരുമ്പെടുത്തു നശിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കോവിഡ് വ്യാപനത്തിനു മുൻപ് പ്രതിദിനം 4600– 5000 ഷെഡ്യൂളുകൾ പ്രവർത്തിപ്പിച്ചിരുന്നതു വെട്ടിക്കുറച്ച് നിലവിൽ 3000 - 3200 മാത്രമാണുള്ളത്.

Tags