വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്, എങ്കിലും വിധിയിൽ ആശ്വാസം : കൃപേഷിന്റെ പിതാവ്
കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി സ്വാഗതം ചെയ്ത് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണൻ. 14 പ്രതികൾക്കും വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വലിയ ശിക്ഷ തന്നെ നൽകണമെന്ന് കോടതിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കിട്ടിയില്ല. എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മുൻ എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കൾക്ക് കുറഞ്ഞ ശിക്ഷയാണ് ലഭിച്ചത്. അഞ്ച്‍വർഷം തടവ് എന്നത് വളരെ കുറഞ്ഞ ശിക്ഷയാണ്. അവർക്കും കൂടി ജീവപര്യന്തം തടവ് ലഭിക്കണമായിരുന്നുവെന്നും കൃപേഷിന്റെ പിതാവ് പ്രതികരിച്ചു. വിധിക്കെതിരെ അപ്പീൽ നൽകുന്നതടക്കമുള്ള കാര്യങ്ങൾ പാർട്ടിയുമായും അഭിഭാഷകനുമായും ആലോചിച്ചു തീരുമാനിക്കുമെന്നും കൃഷ്ണൻ വ്യക്തമാക്കി.
പെരിയ കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. ഇതു കൂടാതെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.