എറണാകുളത്ത് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
elephant

 കോതമംഗലം : പേഴാട് ഭാഗത്ത് കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പേഴാടുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തോട് ചേർന്ന വൈദ്യുതിവേലി മറികടക്കുന്നതിനിടെ കൊമ്പനാനക്ക് ഷോക്കേൽക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കോടനാട്, മലയാറ്റൂർ ഡിവിഷനുകളിൽനിന്നും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക നടപടി ആരംഭിച്ചു.

കോട്ടപ്പാറ വനമേഖലയിലെ ജനവാസം കുറഞ്ഞ പ്രദേശമാണ് കോട്ടപ്പടി വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പേഴാട്. കെ.എസ്.ഇ.ബി വൈദ്യുതി കമ്പി പൊട്ടി സ്വകാര്യവ്യക്തി കൃഷിയിടം സംരക്ഷിക്കാൻ ഇട്ടിരുന്ന വൈദ്യുതി വേലിയുടെ മുകളിലേക്ക് വീണ് കിടക്കുകയായിരുന്നു.

ആന വൈദ്യുതി വേലിയിലേക്ക് മരം മറിച്ചിട്ട് കൃഷിയിടത്തിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു എന്നാണ് നിഗമനം. 20 വയസ്സുള്ള ആനയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്.
 

Share this story