കൊല്ലം ഓയൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ തെരുവുനായ് ശല്യം; മൂന്നുപേർക്ക് കടിയേറ്റു

google news
street dog

ഓയൂർ: തെരുവുനായ് ശല്യം രൂക്ഷമായ ഓയൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം മൂന്ന് രോഗികൾക്ക് കടിയേറ്റു. ഓയൂർ സ്വദേശികൾക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് വരുന്നവർ കൈയിൽ വടി കരുതി ആശുപത്രി പരിസരത്ത് കടക്കേണ്ട അവസ്ഥയാണ്. ആശുപത്രി പരിസരത്ത് തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കളെ ഒഴിപ്പിക്കുന്നതിനായി സമീപത്തുള്ള വെളിനല്ലൂർ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പരാതിയുണ്ട്.

ഇവിടെ ചികിത്സ തേടിയെത്തുന്നവരെ പലതവണ തെരുവുനായ് ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. മുമ്പ് ആശുപത്രിയിൽ വൈദ്യുതി ലൈൻ അറ്റകുറ്റപ്പണിക്ക് വന്ന കെ.എസ്.ഇ.ബി ജീവനക്കാരെ തെരുവുനായ്ക്കൾ കടിച്ചിരുന്നു. ഇവിടെ കിടത്തി ചികിത്സയുണ്ടെങ്കിലും രോഗികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

ആശുപത്രിയിലെ ജീവനക്കാർ തെരുവുനായ്ക്കൾക്ക് ആഹാരം നൽകി സംരക്ഷിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ആശുപത്രി പരിസരത്ത് നായ്ക്കൾ പെരുകുന്നതും ഇവ രോഗികളെ ആക്രമിക്കുന്നതും പതിവായിട്ടും നടപടിയാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളോ വിവിധ സന്നദ്ധ സംഘടനകളോ രംഗത്തെത്തിട്ടില്ല.
 

Tags