അതിശക്തമായ മഴ ; അപകടസാധ്യത കൂടുതലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം ; മുന്നറിയിപ്പുമായി മന്ത്രി
RAIN

അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അടിയന്തര പ്രാധാന്യത്തോടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍.

കേരളത്തില്‍ അടുത്ത മൂന്നു ദിവസം അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ദുരന്ത സാധ്യത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്‍കൂട്ടി സജ്ജീകരിക്കേണ്ടതാണ്. ദുരന്ത സാദ്ധ്യതകള്‍ പൊതുജനങ്ങളെ അറിയിക്കുകയും മഴയുടെ സാഹചര്യം നോക്കി അപകടസാധ്യത കൂടുതലുള്ളവരെ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്യാന്‍ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മുന്‍കൂറായി മാറ്റി താമസിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റി സുരക്ഷിതമാക്കേണ്ടതാണ്. അപകട സാധ്യതയുള്ള ബോര്‍ഡുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കാന്‍ വേണ്ട നടപടിയും സ്വീകരിക്കണം.

സന്നദ്ധ സേന, എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരെ വിവരങ്ങള്‍ അറിയിക്കുകയും സജ്ജരാക്കി നിര്‍ത്തുകയും ചെയ്യണം.

കാലാവസ്ഥ മുന്നറിയിപ്പും മലയോര മേഖലയിലേയും വനത്തിലേയും ഉള്‍പ്പെടെ മഴയുടെ അവസ്ഥയും പരിശോധിച്ച് മനസ്സിലാക്കി മൈക്ക് അനൗണ്‍സ്‌മെന്റിലൂടെയും ക്യാമ്പുകളിലേക്ക് മാറാനുള്ള നിര്‍ദേശം സമയബന്ധിതമായി ജനങ്ങള്‍ക്ക് നല്‍കണം. അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റവന്യൂ അധികാരികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയെല്ലാം സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതാണ്.

Share this story